Monday, August 23, 2010

Uyirode...

അനന്തം അജ്ഞാതം അവര്‍ണനീയം...


അറിഞ്ഞുകൂടാ എന്താണ് പൊരുള്‍ എന്ന്... പക്ഷെ അറിയാം എന്താണ് പകലെന്ന്... അകലെ മാനം മറഞ്ഞു പോകുന്ന നേരം പകലും അകലും. ഇരുട്ടിന്‍റെ നേര്‍ത്ത കരിമ്പടം എന്റെമേല്‍ അനുവാദം കൂടാതെ എറിയപ്പെടുമ്പോള്‍ പൊരുളറിയാതെ വീണ്ടും ഇരുള്‍ കനക്കുന്നു... 
ഇനിയും  കഴിഞ്ഞു പോയവയെക്കാള്‍ അധികം വരാനിരിക്കുന്നു... കണ്ടതിനേക്കാള്‍ അധികം കാണാനിരിക്കുന്നു... സ്നേഹിച്ചതിനേക്കാള്‍ അധികം സ്നേഹിക്കാന്‍ ഇരിക്കുന്നു... കാന്തശക്തിയുള്ള ചില വാക്കുകള്‍ നെഞ്ചില്‍ തുളച്ചു കയറുന്ന നേരം കൂട്ടി കിഴിച്ച് കണക്കു പരിശോധിക്കാന്‍ കഴിയുന്നില്ല... ഒരു ചുവടു മുന്നോട്ടു പൊക്കുമ്പോള്‍ രണ്ടു ചുവടു പിന്നോട്ട് പോകുന്ന ഈ ജീവിതം വഴി മുട്ടിയാലും തെറ്റിയാലും എന്ത് ഭേദം? 
ഒരുപക്ഷേ ശരികളുടെ ഒരു കൂമ്പാരം ആയിരിക്കും ജീവിതം. മറ്റൊരു പക്ഷേ, തെറ്റുകളുടെതും... ഏതായാലും കണക്കു തീര്‍ക്കാതെ അവസാനിപ്പിക്കാന്‍ പറ്റാത്ത ഒരു സമസ്യയാണ് ഇത്. നഷ്ടബോധങ്ങള്‍ക്ക് പല്ലും നഖവും വച്ച് ആക്രമിക്കാന്‍ വരുന്നത് വരെ ഈ ചൂതാട്ടം തുടരും! പ്രകൃതിയുടെ താളം തെറ്റി മുറുകി ഒടുങ്ങും വരെ ഈ വന്ധ്യ നൃത്തം തുടരും. ഫലം അറ്റ് ഞെട്ട് അറ്റ് പ്രജ്ഞ അറ്റ് പ്രാണന്‍ അറ്റ് നിലം പതിക്കും വരേയ്ക്കും തുടരും ഈ പലായനം... ലക്‌ഷ്യം അറ്റ പലായനം... 
പറയാന്‍ വാക്കുകള്‍ ഇല്ല, കേള്‍ക്കാന്‍ കാതുകളും.. പക്ഷേ നാവിനില്ല വിശ്രമം. അനന്തം അജ്ഞാതം അവര്‍ണനീയം ഈ പ്രപഞ്ചം.. അതിന്‍ നീണ്ട നൃത്തം, ലാസ്യ നൃത്തം... കാഴ്ച അറ്റ കണ്ണുകളും ചലനം അറ്റ ദേഹവുമായി കാത്തിരിക്കാം.. ഉയിരോടെ... 

No comments:

Post a Comment

രണ്ടര വയസുള്ള കുഞ്ഞ്

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പേരുകേട്ട നാടാണ് നമ്മുടേത്. എന്നിൽനിന്ന് വ്യത്യസ്തനാണെങ്കിൽ നീ  കൊല്ലപ്പെടണം എന്ന ചിന്ത എന്നും ഈ നാടിന്റെ ശാപമാണ്....