Friday, January 30, 2015

'ഐ വാണ്ട് റ്റു നോ എബൌട്ട് ദിസ് കോഴിത്തീട്ടം.'

അയല്‍ക്കാരന്‍റെ സെന്‍സിറ്റിവിറ്റിയാണ് വിഷയം. ഏതു വിഷയവും കടിച്ചുചവച്ച് നര്‍മ്മംകലര്‍ത്തിയാണ് എന്‍റെ വാമഭാഗം തുപ്പാറ്. ചിലതൊക്കെ കേട്ട് തലതല്ലിച്ചാവും. കലികാലം! ഹല്ലാതെന്താ പറയ്യാ?

അയല്‍ക്കാരന്‍ സിമ്പ്ലനാണ്. കൊച്ചൊരു കുടവണ്ടീം ഇമ്മിണി ലേശം അഹമ്മതീം... മ്മടെ ബസീറിന്‍റെയൊക്കെ കഥേല്‍ കേറിപ്പറ്റാമ്പറ്റിയ കഥാപാത്രം. ഓനും ഓന്‍റെ കെട്ട്യോളും നിരന്തരം മ്മടെ കെട്യോള്‍ടെ സ്വകാര്യ വെട്ടിനിരത്തലിന് ഇരകളാകാറുണ്ട്.

ഇന്നത്തെ കേന്ദ്രകഥാപാത്രം കോഴിത്തീട്ടമാണ്. 'ങ്ഹേ? കോഴിത്തീട്ടമോ' എന്നാണോ ചോദ്യം? ഹതു തന്നെ 'കോഴിത്തീട്ടം' അഥവാ ചിക്കന്‍ ഷിറ്റ്!
കറുത്ത് നല്ല മണമുള്ളത്. വെറുതേയിരുന്ന കോഴിത്തീട്ടം എങ്ങനെ ഈ കഥേലെ കേന്ദ്രകഥാപാത്രമായി എന്നായിരിക്കും അടുത്ത ചോദ്യം. അതിന് കോഴിത്തീട്ടം എങ്ങനെയിരുന്നു എന്നതല്ല ചോദിക്കണ്ടത്, എവിടെയിരുന്നു എന്നാണ്. എവിടാ? ഞങ്ങടെ വാതില്‍പ്പടീന്‍റെ തൊട്ടുമുമ്പില്! പെലകാലെ ഐശ്വര്യമായിട്ട് വാതിലു തൊറന്നുനോക്കുമ്പം ആണ്ടെകെടക്കണു. എന്ത്? തീട്ടം! കൊഴിത്തീട്ടമേ, കോഴിത്തീട്ടം. തീര്‍ന്നില്ലേ കാര്യം?

സാധനം കണ്ട ഉടനേ ഭാര്യയുടെ മുഖത്ത് ഗൌരവം നിറഞ്ഞു. ഉടന്‍തന്നെ ഉണ്ടാവാനിടയുള്ള ഒരു യുദ്ധത്തിന്‍റെ നിഴല്‍ അവിടാകെ നിറഞ്ഞു. എളിക്കുകയ്യും കുത്തി ഗൌരവംവിടാതെ ഉടന്‍തന്നെ വന്നു ‍‍ഡയഗോല് :

'ഐ വാണ്ട് റ്റു നോ എബൌട്ട് ദിസ് കോഴിത്തീട്ടം.'

കോഴിയുടെ ഉടമയും കുടവണ്ടിയുടെ വാഹകനും അഹമ്മതിക്കാരനുമായ അയാളോടല്ല, കാലത്തെ തണുപ്പത്ത് അല്പം കട്ടന്‍ചായയും മോത്തിയിരിക്കുന്ന പാവം എന്നോടാണ് ചോദ്യം. കുടവണ്ടി അപ്പുറത്ത് കൊച്ചിന്റെ ഷൂസുകെട്ടിക്കൊടുക്കുന്നത് കാണാം. ഒന്നും അറിഞ്ഞമട്ടില്ല.

'ഹും. കമോണ്‍ വാട്ടെബൌട്ട് ദിസ് കോഴിത്തീട്ടം? ആര്‍ യു കഴുവിയിറക്കല്‍ ഓര്‍ ആര്‍ യു ഇരുന്ന് നെരങ്ങല്‍ ഓണ്‍ ദിസ്?'

മൃഗസ്നേഹിയായ കുടവണ്ടി പട്ടിക്കൂടും കോഴിക്കൂടും പണുതു വച്ചത് സ്വന്തം വീട്ടിനടുത്തല്ല, അപ്രത്തെ വീട്ടിന്‍റെ  ബെഡ്റും ജന്നലിന്റെ തൊട്ടുകീഴെയാണ് . ലതിന്‍റെ തൊട്ടപ്രത്താണ് അപ്പാര്‍ട്ടുമെന്റിലെ പതിനാറു വീട്ടുകാരും കുടിവെള്ളം എടുക്കുന്ന പൈപ്പ്. വെള്ളമെടുക്കാന്‍ നിക്കുന്ന നാലു മിനിട്ട്നേരം വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ പട്ടിത്തീട്ടവും കോഴിത്തീട്ടവും കലര്‍ന്ന നാറ്റം സഹിക്കണത്. അപ്രത്തെ വീട്ടുകാരെ സമ്മതിക്കണം! ഓരോരോ പട്ടിത്തീട്ടങ്ങളേ! ഛീ! 

ഹല്ല, മേളിലെ നിലകളില്‍ താമസിക്കുന്ന ചില പകല്‍മാന്യന്മാരെയും മാന്യകളെയും വച്ചു നോക്കുമ്പം പട്ടിത്തീട്ടത്തിന്‍റെയും കോഴിത്തീട്ടത്തിന്‍റെയും പിതാവ് കുടവണ്ടി മഹാനായ പുണ്യാളനാണ്. പെറ്റുവച്ച കൊച്ചു തൂറിവച്ച സ്നഗ്ഗികള്‍ പകലന്തിയോളം സൂക്ഷിച്ചുവച്ച്, നേരമിരുട്ടി ആളറിയാത്ത പരുവമാവുമ്പം കെട്ടിടത്തിന്‍റെ മേളീന്ന് കീഴോട്ടിടുന്ന മഹാന്മാരും ഉണ്ടിവിടെ. ന്‍റെ കെട്ട്യോള് രാജാവായിരുന്നേല്‍ മുന്‍പറഞ്ഞ മഹാന്മാരുടെ പറയാമ്പാടില്ലാത്തോടത്ത് മുളകരച്ച് തേപ്പിച്ചേനെ. അങ്ങനെ വിശ്വവിഖ്യാതമായ കൊഴിത്തീട്ടത്തില്‍ നോക്കി കട്ടങ്കാപ്പിയും കുടിച്ച് നെഞ്ചുംതിരുമ്മി എങ്ങനെ ഈ തീട്ടത്തിനുത്തരം പറയും എന്നാലോചിക്കുമ്പോഴാണ് ഒരു ശബ്ദം.

ധും.. ധും..

ആഹാ! പുതിയ എന്തോ സാധനം ആരോ കവറില്‍ കെട്ടി മേളീന്ന് താഴോട്ടിട്ടല്ലോ. എന്താണാവോ പുതിയ സമ്മാനപ്പൊതി? ഇന്ന് വീട്ടുകാരി ഇംഗ്ലീഷ് പറഞ്ഞുതകര്‍ക്കും!