Tuesday, May 10, 2016

ജനിക്കും മുന്‍പേ കേള്‍ക്കുന്ന ശിശുക്കള്‍

ശിശുക്കള്‍ക്ക് അവര്‍ ജനിക്കുന്നതിനു മുന്‍പേ, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് കേള്‍ക്കാന്‍ സാധിക്കും. സാധാരണഗതിയില്‍ ഒമ്പതുമാസം കൊണ്ടാണ് കോശങ്ങളുടെ കൂട്ടം എന്നതില്‍ നിന്നും ലോകത്തേയ്ക്കുവരാന്‍ തയ്യാറായ മനുഷനായി ശിശുക്കള്‍ പരിണമിക്കുന്നത്. ഏകദേശം ആറുമാസം അമ്മയുടെ ഉദരത്തില്‍ വളരുമ്പോഴേയ്ക്കും ശിശുക്കള്‍ക്ക് കേള്‍ക്കാനുള്ള അവയവങ്ങളും അവയെ സഹായിക്കുന്ന തലച്ചോറിലെ വഴികളും തയ്യാറായിരിക്കും. അതുകൊണ്ട്, തങ്ങള്‍ക്കുചുറ്റും ഉണ്ടാകുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ശിശുക്കള്‍ക്ക് ആറുമാസം മുതല്‍ കഴിയും.

ശിശുക്കള്‍ക്ക് കേള്‍ക്കാന്‍ കഴിയും എന്ന് നമുക്കെങ്ങനെ അറിയാം? ചിലപ്പോള്‍ ഡോക്ടര്‍മാര്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ശിശുവിന്റെ വികസനം അറിയാന്‍ സൂക്ഷ്മപരിശോധനയ്ക്കുള്ള ഒരു ഉപകരണം കടത്തി പരിശോധിക്കാറുണ്ട്. അതിനോടൊപ്പം ഒരു ചെറിയ മൈക്രോഫോണ്‍ കൂടി കടത്തുക വിഷമമുള്ള കാര്യമല്ല. അങ്ങനെ ശിശു എന്താണ് കേള്‍ക്കുന്നത് എന്ന് നമുക്ക് കേള്‍ക്കാന്‍ കഴിയും.

എന്താണ് ശിശു കേള്‍ക്കുന്നത്? അമ്മയുടെ ഹൃദയസ്പന്ദനം. ധമനികളിലൂടെ രക്തം കുതിച്ചൊഴുകുന്ന ശബ്ദം. വയറ്റിലെ മുരടലുകള്‍. പിന്നെ അമ്മയുടെ ശബ്ദവും. അമ്മ സംസാരിക്കുമ്പോള്‍ അവളുടെ ശബ്ദം ദൂരത്തെന്നപോലെ ശിശുവിന് കേള്‍ക്കാം. നമ്മള്‍ വിരല്‍ ചെവിയില്‍ ഇട്ടശേഷം മറ്റുള്ളവരുടെ സംസാരം കേള്‍ക്കുന്നതുപോലെ. പതിഞ്ഞ, വിദൂരത്തുള്ള ശബ്ദം പോലെ. എല്ലാ വാക്കുകളും നമുക്ക് കേള്‍ക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷെ, സംസാരത്തിന്റെ ഈണവും താളവും തീര്‍ച്ചയായും കേള്‍ക്കാം. ജനിക്കും മുന്‍പ് ഈ ഈണവും താളവും കേള്‍ക്കാന്‍ ശിശുക്കള്‍ക്ക് പരിശീലനം ലഭിക്കുന്നു. ഇവയായിരിക്കണം ശിശുക്കള്‍ ആദ്യമായി പഠിക്കുന്ന ഭാഷാലക്ഷണങ്ങള്‍.

ശിശു ജനിക്കുമ്പോള്‍ വേറെ ഒരു ജിജ്ഞാസാജനകമായ പരീക്ഷണം നടത്താം. കുഞ്ഞിന്റെ ഇത്തിരിപ്പോന്ന ചെവികളില്‍ ഹെഡ്ഫോണുകള്‍ വച്ച് പട്ടികുരക്കുന്നതും പുരുഷന്റെയും സ്ത്രീയുടെയും അമ്മയുടെയും ശബ്ദങ്ങള്‍ കേള്‍പ്പിക്കും. കുഞ്ഞിന്റെ വായില്‍ ഒരു റബ്ബര്‍ നിപ്പിള്‍ വച്ച് അത് ഒരു കമ്പ്യൂട്ടറില്‍ ഘടിപ്പിക്കും. ശിശു എത്രപ്രാവശ്യം റബ്ബര്‍ നിപ്പിള്‍ വലിച്ചുകുടിച്ചു എന്ന്‍ ഈ കമ്പ്യൂട്ടര്‍ എണ്ണും. ശിശു സ്ഥായിയായ ഗതിയില്‍ റബ്ബര്‍ നിപ്പിള്‍ വലിച്ചുകുടിക്കും. പട്ടിയുടെയും പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ വലിച്ചുകുടിക്കുന്നതിന്റെ വേഗം അല്പം കൂടുകയും പിന്നെ കുറയുകയും ചെയ്യും. പക്ഷേ അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കുഞ്ഞ് അതിവേഗത്തില്‍ തുടരെത്തുടരെ വലിച്ചുകുടിക്കും. കുഞ്ഞ് അമ്മയെ തിരിച്ചറിയുന്നതിന്റെ ലക്ഷണം ആണിത്.

ശിശു ജനിച്ച് കേവലം മണിക്കൂറുകള്‍ക്ക് ശേഷം ഈ പരീക്ഷണം ചെയ്യാവുന്നതാണ്. അമ്മയുടെ ശബ്ദം പഠിക്കാന്‍ ശിശുക്കള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ടതില്ല. അവര്‍ക്ക് ജനിക്കുംമുന്‍പേ അതറിയാം.

മനുഷ്യന്റെയും പ്രകൃതിയുടെയും ഓരോ അത്ഭുതങ്ങള്‍!


The Quill Pen

Last year, I bought a quill pen and started using it in my office. At first, a few colleagues looked at it with curiosity and made cute comm...