Saturday, August 12, 2017

കുട്ടനും കുട്ടത്തീം

ഒരു ദിവസം കുട്ടനും കുട്ടത്തിയും കൂടി കളിക്കാൻവേണ്ടി പാടത്തേയ്ക്ക് പോകുകയായിരുന്നു. പോകുന്ന വഴിക്ക് ഒരു കുളമുണ്ട്. വളരെ ആഴമുള്ള ആ കുളത്തിൽ മുതലകൾ ഉണ്ടെന്നാണ് എല്ലാരും പറയുന്നത്. അതുകൊണ്ട് കുളത്തിനടുത്തെത്തിയപ്പോള്‍ അവര്‍ വേഗത്തില്‍ ഓടി. മുതല പിടിച്ചാലോ?

കുട്ടനും കുട്ടത്തീം ഓടുന്നത് ദുഷ്ടനായ മീട്ടന്‍ കണ്ടു. നാട്ടിലെ എല്ലാ കുട്ടികള്‍ക്കും പാരവച്ച് അവരെ കരയിക്കുകയാണ് മീട്ടന്‍റെ വിനോദം. കുട്ടനും കുട്ടത്തിക്കും ഒരു പാര വയ്ക്കാന്‍ മീട്ടന്‍ തീരുമാനിച്ചു. അങ്ങനെ അവനും കളിക്കാന്‍ പാടത്തേയ്ക്ക് പോയി.


കളി കഴിഞ്ഞ് ക്ഷീണിച്ച് തിരിച്ചുവരുമ്പോള്‍ മീട്ടനും കൂടി കുട്ടന്‍റെയും കുട്ടത്തിയുടെയും കൂടെ. മുതലക്കുളത്തിനടുത്തെത്തിയപ്പോള്‍ മീട്ടന്‍ എന്തുചെയ്തെന്നോ? കുട്ടനെയും കുട്ടത്തിയെയും കുളത്തിലേയ്ക്ക് ഒറ്റത്തള്ള്! കുളത്തില്‍ വീണ് പേടിച്ചുകരയുന്ന കുട്ടനെയും കുട്ടത്തിയെയും കണ്ട് മീട്ടന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വീട്ടിലേയ്ക്ക് പോയി.

അപ്പോഴാണ്‌ ദാസപ്പന്‍ ചേട്ടന്‍ ചന്തയില്‍നിന്നും പച്ചക്കറിയും വാങ്ങി അതുവഴി വന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ദാസപ്പന്‍ചേട്ടന്‍ പച്ചക്കറി വഴിയിലിട്ടിട്ട് കുളത്തില്‍ ചാടി കുട്ടനെയും കുട്ടത്തിയെയും കരയ്ക്കുകയറ്റി രക്ഷിച്ചു. 

അവരെ ആശ്വസിപ്പിച്ച് ദാസപ്പന്‍ ചേട്ടന്‍ കാര്യങ്ങള്‍ മനസ്സിലാക്കി. മീട്ടനെ ഒരു പാഠം പഠിപ്പിക്കാന്‍ ദാസപ്പന്‍ ചേട്ടന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ മൂന്നുപേരും കൂടി ഒരു പദ്ധതി തയ്യാറാക്കി. 

അല്‍പസമയം കഴിഞ്ഞ് യാതൊന്നും സംഭവിക്കാത്തതുപോലെ കുട്ടനും കുട്ടത്തിയും വീട്ടിലെത്തി. കയ്യില്‍ നിറയെ മുട്ടായിയും കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. ഇതുകണ്ട് മീട്ടന് ഒരു സംശയം. "ഇതെങ്ങനെ സംഭവിച്ചു? ഞാന്‍ അവരെ കുളത്തില്‍ തള്ളിയിട്ടതല്ലേ? ഇവരെ മുതല പിടിച്ചില്ലേ?"

സംശയം അടക്കാന്‍ വയ്യാതെ മീട്ടന്‍ കുട്ടത്തിയോട് ചോദിച്ചു: "നിങ്ങളെങ്ങനെയാ കുളത്തില്‍നിന്നും രക്ഷപ്പെട്ടത്? മുതല പിടിച്ചില്ലേ?"
കുട്ടത്തി പറഞ്ഞു: "മുതലയോ? ആ കുളത്തില്‍ മുതലയൊന്നുമില്ല. പക്ഷെ ഒരു ദേവതയുണ്ട്. ഞങ്ങള്‍ അവിടെക്കിടന്നു നിലവിളിച്ചപ്പോ ദേവത വന്ന് ഞങ്ങള്‍ക്ക് ധാരാളം സമ്മാനങ്ങള്‍ തന്നു. ദേ, നോക്ക്."

ഇതുകേട്ട മീട്ടന്‍ ഓടിച്ചെന്ന് മുതലക്കുളത്തിലേയ്ക്ക് ഒറ്റച്ചാട്ടം. അവിടെക്കിടന്ന് അവന്‍ കുറേ നിലവിളിച്ചു. പക്ഷെ ദേവത വന്നില്ല. ആകെ ചമ്മിയ മീട്ടന്‍ അര മണിക്കൂര്‍ നിലവിളിച്ചിട്ട് കരയ്ക്കുകയറി. അപ്പോള്‍ ആണ്ടെ കരയ്ക്ക്‌ നില്‍ക്കുന്നു, കുട്ടനും കുട്ടത്തിയും ദാസപ്പന്‍ ചേട്ടനും. പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ ചോദിച്ചു: "എന്തേ, സമ്മാനമൊന്നും കിട്ടിയില്ലേ?"

ചമ്മിപ്പോയ മീട്ടന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ ദാസപ്പന്‍ ചേട്ടന്‍ അവനെ പിടിച്ചുനിര്‍ത്തി. എന്നിട്ട് പറഞ്ഞു, "മീട്ടാ, മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ ഒടുക്കം ചമ്മിപ്പോകും. ഒരു ദേവതയും ദുഷ്ടന്മാര്‍ക്ക് സമ്മാനം കൊടുക്കില്ല. പക്ഷെ, നല്ല കുട്ടികള്‍ക്ക് ദേവതമാര്‍ മാത്രമല്ല, മനുഷ്യരും സമ്മാനം കൊടുക്കും. എന്താ, നല്ല കുട്ടിയായിക്കൂടെ മീട്ടന്?"
മീട്ടാന്‍ പറഞ്ഞു, "ആം. നല്ല കുട്ടിയാകാം. കുട്ടത്തീ, കുട്ടാ, എന്നോട് ക്ഷമിക്കണം. ഇനി ഇങ്ങനൊന്നും ഞാന്‍ ചെയ്യില്ല. എന്നോട് ക്ഷമിക്കണം."

മീട്ടന്‍റെ കവിളിലൂടെ കണ്ണീര്‍ ഒഴുകിയിറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ദാസപ്പന്‍ ചേട്ടന്‍ പറഞ്ഞു, "കുട്ടാ, കുട്ടത്തീ, അത് അവനു കൊടുക്ക്."

കുട്ടനും കുട്ടത്തിയും കൂടി അപ്പോള്‍ ഒരു പൊതി നിറയെ മുട്ടായിയും കളിപ്പാട്ടവും മീട്ടന് കൊടുത്തു. എന്നിട്ട് പറഞ്ഞു, "ഇനി നമുക്ക് നല്ല കുട്ടികളാകാം?"
മീട്ടന്‍ പറഞ്ഞു, "തീര്‍ച്ചയായും. മുട്ടായി കിട്ടിയാലും കിട്ടിയില്ലേലും ഇനി മുതല്‍ ഞാന്‍ നല്ല കുട്ടിയാകും."

അങ്ങനെ, മൂന്നു കുട്ടികളും കൂടി കളിച്ചുചിരിച്ചുകൊണ്ട് വീട്ടിലേയ്ക്ക് പോയി. ദാസപ്പന്‍ ചേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് തന്‍റെ പച്ചക്കറിസഞ്ചിയും തൂക്കി സ്വന്തം വീട്ടിലേയ്ക്കും! 

"വഴക്കാളികളല്ലാത്ത കുട്ടികള്‍ക്ക് ഒത്തിരി ചിരിക്കാനും പറ്റും, ഒത്തിരി കൂട്ടുകാരെ കിട്ടുകയും ചെയ്യും. അതുകൊണ്ട് കുട്ടികളെ, നമുക്ക് ഇനി മുതല്‍ വഴക്കിടണ്ട, ആരെയും ഉപദ്രവിക്കുകയും ചെയ്യണ്ട. അല്ലേ?"

No comments:

Post a Comment

Saffron Catholics of Kerala

Recently, a few Catholic dioceses in Kerala have been making statements and movements favouring right wing political parties. Some of these ...