Monday, July 06, 2015

പുഴയും മഴയും

മഴയേ നീയറിയുന്നുവോ,
നനവു പറ്റാതെയീ പുഴയുടെ
ഹൃദയമുരുകുന്നതും, പിന്നെ
വരളുന്നതും, ഏങ്ങിനോവുന്നതും?

പരുക്കന്‍ തീരങ്ങളില്‍ തട്ടിയെന്‍
വരണ്ട ചര്‍മ്മം മുറിയുന്നതും?
കാതരമായ്പ്പെയ്യാതെ നീ-
യൊളിച്ചിരിപ്പതിനാലേ,
മണല്‍തെളിഞ്ഞെന്റെയാഴങ്ങളില്‍
നഗ്നത പോലും വിളറിവെളുക്കുന്നതും.

ഒഴുകാന്‍ മറക്കുന്നതെന്തെന്നു ഞാന്‍!
മറക്കുന്നതല്ലെന്നു ഹൃദയം.
മഴയേ, നീയാണു പ്രണയവും മരണവും.
നീതന്നെയീ പുഴയുടെയാഴവുമൊഴുക്കും.

ഇനിയും പെയ്യുക, നീ-
യെന്നിലേയ്ക്കു ശ്വസിക്കുക.
മഴയാണ് പുഴയുടെ ജീവന്‍.
മഴതന്നെ പുഴ, പുഴ മഴയും.

Saturday, June 27, 2015

മകള്‍ക്ക്

കരുതിയിട്ടില്ല പുഞ്ചിരിയൊഴികെ
മറ്റു വർണ്ണപ്പൊതികളൊന്നും മകളേ,
നിന്‍റെ ജീവിതം നിനക്കുതന്നെ.
എന്‍റെ പ്രതീക്ഷകള്‍ നിന്‍റെ വഴികളില്‍
മതിലുതീര്‍ക്കില്ല, സത്യം.


നിര്‍ബന്ധമായ് നിന്നെത്തള്ളി ഞാനകറ്റില്ല.
കാരണമില്ലാതെ നോവിക്കില്ല.
സ്വര്‍ണക്കട്ടികള്‍ കരുതിവയ്ക്കില്ല,
നിനക്കുവേണ്ടത് നീതന്നെ നേടുക.

പറക്കുന്ന പക്ഷിയാകാന്‍ ജനിച്ച നീ
ചിറകുകെട്ടിയ, കൂട്ടിലെ പക്ഷിയാവണ്ട. 
പറക്കും വരെ ഞാന്‍ തരാം ഭക്ഷണം,
ശേഷം നീ നിന്‍റെ ഗുരുവും ദീപവും.

നിന്‍റെ പുതപ്പുകള്‍ നീ നൂറ്റു നെയ്യുക.
നിന്‍റെ കിണ്ണങ്ങള്‍ നീ തന്നെ മോറുക.
നിന്‍റെ വിഴുപ്പു നീ തന്നെയലക്കുക.
നിനക്കുമാത്രമായി നീ നേടുന്നതു പകുത്തു
നീ കാണും വിശപ്പ്‌ തുടയ്ക്കുക. 

ഉള്ളില്‍ നീ ശക്തയാവണം.
നിന്‍റെ മേനി വീഴ്ത്താന്‍ നീളുമപരന്‍റെ
ദംഷ്ട്രകള്‍ തട്ടിയകറ്റി നീ പുലരണം,
കണ്ണിലെ സ്നേഹം മേയ്യിലൂറേണ്ട-
തെപ്പോഴെന്നറിയണം.
നീയറിയണം മേനിതന്നാശകള്‍ വെറും
കുതിരകളെന്നും, തേരാളി നീയെന്നും.


അമ്മയെപ്പോല്‍ നീ തന്‍റേടിയാവണം.  
അക്ഷരങ്ങള്‍ ഒപ്പിയും തപ്പിയും വളരണം.
ചിന്തതല്‍ ചങ്ങലയറുത്ത്,
വാക്കുകള്‍ മേയ്ച്ചു മുന്നേറണം.
പേന നിന്‍ കരുത്താവണം,
ഉള്ളില്‍ നീ വളര്‍ന്നീടണം.
കവിതയൂറണം മൊഴിയിലും നിന്‍റെ വഴിയിലും.

സ്നേഹം കണ്ടെത്തണ-
മതിനെ ഭ്രാന്തമായ് പുല്‍കണ-
മതില്‍ വരും നാമ്പുകള്‍
പോന്നുപോല്‍ വളര്‍ത്തണം,
നിന്‍റെ പ്രതിച്ഛായയാക്കണം.

രുചികള്‍ നിന്നഭിരുചിയാകണം,
അവ നിന്നില്‍ സ്നേഹമായ് ഊറണം.
നീ ചുരത്തും പാലുപോല്‍ നിന്നിലെ
നന്മയും ചുരത്തുക കുഞ്ഞുങ്ങള്‍ക്കായ്

മകളേ, നിനക്കായ് ഒരു പുഞ്ചിരി മാത്രം
ഞാനെന്നും സൂക്ഷിക്കാം.
എന്നുമതുണ്ടെന്‍റെ പക്കലെന്നറിയുക,
നീയെന്‍ പൊന്നോമനയെന്നുമറിയുക.


Tuesday, June 02, 2015

കയ്യിലെ ചതുരങ്ങള്‍

ചതുരത്തിലെ പ്രകാശത്തിനടിമ നീ.
കയ്യിലൊതുങ്ങുന്നു നിന്റെ ജീവിതം.
പറയാത്ത വാക്കും അറിയാത്ത പ്രേമവുമല്ലേ
നിന്റെ കൃത്രിമജീവന്റെയളവുകള്‍!‌‍
ഒരു മുഖം കാണാനുമതിലെ ഭാവമളക്കാനു-
മതിലലിഞ്ഞുപോവാനും നിനക്കാവുമോ!
കയ്യിലെ ചതുരത്തിലും അതിലെ പ്രകാശത്തിലും
നീ മറന്നുവച്ച സമയത്തിനു പേര്‍ ജീവിതം.
ചതുരത്തില്‍ നീയകപ്പെട്ടു മറന്നുപോയ
ചലനങ്ങള്‍ക്കു പേര്‍ സ്വാതന്ത്ര്യം.
ഉണരുക. ചതുരത്തില്‍ നിന്നുമുയിര്‍ക്കുക.
ഇനിയും സമയമുണ്ട്. ജീവിക്കാനും ചിരിക്കാനും.


കാറ്റിനോട്

ചീറ്റിയടിച്ചു നീ തൂത്തുവാരിയതെന്റെ സ്വപ്നക്കൂടു-
മതില്‍ ‍ഞാനടച്ചുവെച്ച കുഞ്ഞുങ്ങളും.
മന്ദമായ് വന്നു നീ തകര്‍ത്തതോ, ജീവനെന്നുഞാന്‍
നെഞ്ചിലേറ്റിയ കുഞ്ഞുനൊമ്പരം.
നിശ്ചലം നിന്നു നീ കവര്‍ന്നതെന്‍ പ്രണയവു-
മവളുടെ ശ്വാസനിശ്വാസങ്ങളും.
കാറ്റേ, നീയിനിയുമെന്തിനു വീശണമെന്റെ നാസികയിലു-
മീക്കരിന്തിരിവിളക്കിലും?
പോവുക ബന്ധങ്ങളൊത്തുനില്‍ക്കാത്ത നാട്ടിലേയ്ക്കു പറന്നു നീ,
തിരികെ വരാതിരിക്കുകീ മണ്‍കുടില്‍വാതില്‍ക്കലിനിയും.

Saturday, April 25, 2015

My Choice

"My Choice", said she.
A sigh latched the door to my dreams,
And the debate ended.
There died a baby unborn,
Choking on choices we made.


Saffron Catholics of Kerala

Recently, a few Catholic dioceses in Kerala have been making statements and movements favouring right wing political parties. Some of these ...