Tuesday, March 26, 2024

രണ്ടര വയസുള്ള കുഞ്ഞ്

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പേരുകേട്ട നാടാണ് നമ്മുടേത്. എന്നിൽനിന്ന് വ്യത്യസ്തനാണെങ്കിൽ നീ  കൊല്ലപ്പെടണം എന്ന ചിന്ത എന്നും ഈ നാടിന്റെ ശാപമാണ്. മതവും ജാതിയും പണവും ആശയങ്ങളും ജീവിതരീതികളും ചിന്താധാരകളും എന്നുവേണ്ട, വസ്ത്രധാരണവും നിറവും പൊക്കവും എല്ലാം വെറുപ്പ് തുപ്പാനുള്ള കാരണങ്ങളാണ് നമ്മുടെ നാട്ടിൽ. എന്നാൽ അതെല്ലാം നിസ്സാരം എന്ന് പറയാൻ തോന്നിക്കുന്ന ഒരു സംഭവം ഈ ആഴ്ച എന്റെ നാട്ടിൽ ഉണ്ടായി. രണ്ടര വയസുള്ള ഒരു കുഞ്ഞിനെ തല്ലിച്ചതച്ച്‌ കൊന്നിരിക്കുന്നു. 

ശരീരത്തിൽ 70-ൽ കൂടുതൽ മുറിവുകൾ. സിഗററ്റുകൊണ്ട് പൊള്ളിച്ച പാടുകൾ. കുഞ്ഞിന്റെ തലച്ചോർ ഇളകിയ നിലയിലാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. വാരിയെല്ലുകൾ പൊട്ടി ശരീരത്തിൽ തുളച്ചുകയറിയിരിക്കുന്നു. ആന്തരിക അവയവങ്ങൾക്ക് കടുത്ത മുറിവുകളുണ്ട്. മരണകാരണം തലച്ചോറിലെ രക്തസ്രാവം ആയിരുന്നു. 

ഈ കുഞ്ഞിന്റെ വീട്ടിൽ നിന്നും സ്ഥിരം കരച്ചിൽ കേൾക്കാറുണ്ടായിരുന്നു എന്ന് അയൽക്കാർ പറയുന്നു. അപ്പനും അമ്മയും തല്ലാറുണ്ടായിരുന്നു അത്രേ. അടി, ഇരി, തോഴി, എടുത്തെറിയുക... തലച്ചോർ ഇളകണമെങ്കിൽ എപ്രകാരമായിരിക്കും അതിനെ ഉപദ്രവിച്ചത്? വാരിയെല്ലുകൾ പൊട്ടി ആന്തരിക അവയവങ്ങൾ മുറിയണമെങ്കിൽ എങ്ങനെയായിരിക്കും അതിനെ തല്ലിയത്? മുട്ടൊപ്പം പൊക്കമുള്ള ഒരു കുഞ്ഞിനെ എങ്ങനെ ഇപ്രകാരം ഉപദ്രവിക്കാനാകും?

മരണ ദിവസം അയൽക്കാർ ഓടി ചെന്നപ്പോൾ മുൻ പിൻ വാതിലുകൾ പൂട്ടിയിരുന്നു. ഏറെ നേരം വിളിച്ചപ്പോൾ വാതിൽ തുറന്നു. കുട്ടിയെ അടുക്കളയിൽ ഭിത്തിയിൽ ചാരി ഇരുത്തിയിരിക്കുന്നു. ശ്വാസമില്ല. എടുത്ത ഉടനെ കുട്ടി  ഛർദിച്ചു. ശരീരത്തു തട്ടിയപ്പോൾ ഒരു ശ്വാസം വലിച്ചു: അവസാനത്തെ ശ്വാസം. 

ഈ കുട്ടിക്ക് രണ്ടര വയസ്സ്. എന്റെ കുഞ്ഞിനും അത്ര പ്രായം. മോൾ എന്നോട് കളിച്ചും ചിരിച്ചും സല്ലപിക്കുമ്പോ എനിക്ക് ഈ കുഞ്ഞിനെ ഓർമ വരുന്നു. എന്റെ കണ്ണുകൾ നിറയുന്നു. പിന്നീട് രക്തം തിളയ്ക്കുന്നു. ശരീരം വിറയ്ക്കുന്നു. ഇതുകണ്ട് എന്റെ മോൾ കുപ്പിയിലെ വെള്ളം തന്ന് എന്നോട് പറയുന്നു: "കുടിക്കപ്പാ... വിഷമിക്കണ്ടാട്ടോ..." രണ്ടര വയസ്സിന്റെ കരുണ. വലിയവർക്ക് ഇല്ലാതെ പോകുന്ന സ്നേഹം! 

മോളെ കെട്ടിപ്പിടിക്കുമ്പോഴും കണ്ണീർ തുടയ്ക്കുമ്പോഴും ആൾക്കൂട്ട കൊലപാതകങ്ങൾ മനസിലേയ്ക്ക് വരുന്നു. മതത്തിനും നിറത്തിനും വേണ്ടി നിരപരാധികളെ കൊല്ലുന്നവർക്ക് എന്തേ ഇങ്ങനെയുള്ളവരെ... എനിക്കാ ക്രൂരചിന്ത മുഴുമിപ്പിക്കാൻ പറ്റിയില്ല. കെട്ടിപ്പിടിച്ച കുഞ്ഞു ശബ്ദം വീണ്ടും പറഞ്ഞു, "അപ്പന് വാവയില്ലേ... കരയണ്ടാട്ടോ...."



Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...