Saturday, October 31, 2015

മനുഷ്യര്‍*

അയാള്‍ക്ക്‌ ചിരിക്കാനറിയാം. നിശബ്ദനാകാനും. ഒരുപക്ഷേ നിശബ്ദതയിലൂടെ സംസാരിക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തുന്നുണ്ട്. സംസാരത്തിന്റെ നീണ്ട ഇടനാഴികള്‍ക്കിടയില്‍ അല്പം വിശ്രമിക്കാന്‍, ഒന്ന് കയറിനില്‍ക്കാന്‍ അയാളുടെ നിശബ്ദതയുടെ മാറാലചൂടിയ തണുത്ത മൂലകള്‍ എപ്പോഴും ഒഴിഞ്ഞു കിടന്നു.

യാത്രകള്‍ക്കപ്പുറം ജീവിതത്തിനും ബന്ധങ്ങള്‍ക്കും അര്‍ത്ഥമുണ്ടെന്ന് അയാള്‍ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവില്ല. കാരണം അയാളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ ഒരു യാത്രയാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലെയ്ക്കും വെളിവില്ലായ്മയി നിന്ന് വെളിവില്ലേയ്ക്കും അപരത്വത്തില്‍നിന്ന് സ്വത്വത്തിലേയ്ക്കും... പിന്നെ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സബര്‍മതി മുതല്‍ കുംകി വരെയും നീണ്ട വഴികളില്‍ അയാളോരിക്കലും സ്വയം അന്യനായിത്തീര്‍ന്നില്ല. നടന്നും കിതച്ചും വിശന്നും അയാള്‍ നാടുകണ്ടുനടന്നു. ഒപ്പം നാടിന്‍റെ കണ്ണീരും സ്വപ്നങ്ങളും, കണ്ണീരില്‍ കുരുത്ത കയ്പുള്ള സ്വപ്നങ്ങളും. ഒരുപക്ഷെ അതുകൊണ്ടാവാം അയാളുടെ സ്വപ്നങ്ങള്‍ക്ക് വിപ്ലവങ്ങളുടെ ചൂടും അമ്മയുടെ മൃദുത്വവും ഒരേപോലെ ഉണ്ടായിരുന്നത്. അതിരുകള്‍ അയാള്‍ക്കും അയാളുടെ സ്വപ്നങ്ങള്‍ക്കും അന്യമായിരുന്നു.

നിങ്ങളും അയാളെ കണ്ടിട്ടുണ്ടാവും, തീര്‍ച്ച. ജീവിതത്തിന്‍റെ  ഉണങ്ങിയ വേനലുച്ചനേരങ്ങളില്‍ തണുത്ത കാറ്റുപോലെ. അയാളുടെ നിഴല്‍വീണ വഴികളില്‍ നിങ്ങള്‍ക്കും പ്രതീക്ഷിക്കാത്ത, വിശദീകരണമില്ലാത്ത സന്തോഷങ്ങള്‍ വീണുകിട്ടിയിട്ടുണ്ടാവും. ഭാഗ്യമെന്നു വിളിക്കുന്ന അത്തരം നീലക്കുറിഞ്ഞികളില്‍ അയാളുടെ സൗരഭ്യമുണ്ടായിരുന്നില്ലേ? തിരിച്ചറിയപ്പെടാത്തവനായി നടന്നകലുന്ന അവന്‍റെ നിഴല്‍രൂപം കണ്‍കോണിലൂടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടില്ലേ? ഉണ്ടാവും.

അയാള്‍ ചില മനുഷ്യരാണ്. വെളിച്ചം മാഞ്ഞാലും നിഴലായി ജീവിക്കുന്ന ചില മനുഷ്യര്‍. നിറംമങ്ങിയ ജീവിതത്താളുകള്‍ക്കിടയില്‍ മയില്‍‌പ്പീലിപോലെ നിറം ചേര്‍ക്കുന്ന ചില മനുഷ്യര്‍. ചില നല്ല മനുഷ്യര്‍.
(*കടപ്പാടിലൊതുക്കുവാനാകാത്ത രാജീവ് മാങ്കോട്ടിൽ എന്ന കുഞ്ഞു വല്യ മനുഷ്യന്)

No comments:

Post a Comment

Saffron Catholics of Kerala

Recently, a few Catholic dioceses in Kerala have been making statements and movements favouring right wing political parties. Some of these ...