Friday, June 06, 2014

വിവാഹം = പറ്റിക്കൽ / വേഷം കെട്ടൽ?

വിവാഹം - സമർപ്പണം = ?

പരമ്പരാഗതമായി സമാധാനത്തിൽ ജീവിക്കുന്ന മനുഷ്യരാണ് മലയാളികൾ. അല്പം പൊങ്ങച്ചവും കുറച്ച് അഹങ്കാരവും സ്വല്പം സ്വാർത്ഥതയും ഒക്കെയായി അങ്ങനെ അങ്ങ് ജീവിക്കുന്നു. സ്വന്തം കാര്യം തന്നെയാണ് മലയാളിക്കും പ്രധാനം- ലോകത്ത് എല്ലായിടത്തും അതങ്ങനെതന്നെയാണ് താനും. വീടും അതിന്റെ മുറ്റവും പറമ്പും (ഉണ്ടെങ്കിൽ) അല്പം കൃഷിയും നനയും മതി ദിവസങ്ങൾ തള്ളിനീക്കാൻ. അടുത്ത വീട് സാധാരണയായി കുറേ  ദൂരെ ആയിരിക്കും- അതാണല്ലോ മലയാളിക്കിഷ്ടവും.  ഞായറാഴ്ചകളിൽ പോത്തുകറിയും മീൻ പൊരിച്ചതും ചിലപ്പോ അല്പം ലഹരിയും കൂടെ ആയാൽ സന്തുഷ്ട കുടുംബത്തിന്റെ എല്ലാ ലക്ഷണവും ആയി.

പക്ഷേ കാലം പോയപ്പോ മലയാളിയുടെ കോലവും മാറി. ജീവിതരീതിയും മാറി. വീടുകൾ അടുത്തു. കൃഷി നിന്നു. പോത്തും മീനും മാറി കോഴികൾ എല്ലാ ദിവസങ്ങളിലും തീന്മേശമേൽ കയറിത്തുടങ്ങി. അതിന്റെ കൂടെ വേറെ കുറെ മാറ്റങ്ങളും ഉണ്ടായിരിക്കുന്നു. മലയാളിയുടെ സദാചാരബോധമാണ് ഇങ്ങനെ ഒത്തിരി മാറിയിരിക്കുന്നത്. ഒരു പക്ഷെ ഇതൊരു മാറ്റം അല്ലായിരിക്കാം. മറ നീക്കി പുറത്തുവന്നതാവാനും മതി.

പണ്ടൊക്കെ വീട്ടിലെ കാർന്നോന്മാർ പിള്ളേരെയും മുതിർന്നവരെയും ഗുണദോഷിച്ചു നിലയ്ക്കുനിർത്തുമായിരുന്നു. പണം ചെലവ് ചെയ്യുന്ന രീതി, സമൂഹത്തിലെ പെരുമാറ്റം, വേഷം, സ്ത്രീ പുരുഷ ബന്ധം, ലൈംഗിക സദാചാരം, അച്ചടക്കം, ഭാഷയിലെ സൗമ്യത തുടങ്ങിയവ ഇത്തരത്തിൽ ഉപദേശിച്ചു നിയന്ത്രിക്കാൻ മലയാളിക്ക് ഒരു പരിധി വരെ പറ്റിയിരുന്നു പണ്ട്. ഇപ്പൊ കാലം മാറിയിരിക്കുന്നു. കാർന്നോന്മാർ ഇല്ലാണ്ടായി. കുടുംബങ്ങൾ അവർക്കിഷ്ടമുള്ള രീതിയിൽ കാര്യങ്ങളെ വ്യാഖ്യാനിച്ച് പ്രവർത്തിക്കാൻ തുടങ്ങി. എന്റെ പറച്ചിൽ കേട്ടാൽ ഞാനൊരു യാധാസ്തിതികൻ ആണെന്ന് തോന്നും, പക്ഷെ 'ഇങ്ങനെ പോയാൽ എവടെചെന്നവസാനിക്കും' എന്ന ആധി കൊണ്ടാ ഇങ്ങനെ എഴുതുന്നത്!

നമ്മുടെ നാട്ടിൽ  സാധാരണയായി മാന്യത ആർക്കാണ്? അപ്പനും അമ്മയും ആലോചിച്ച ചെറുക്കനെ അല്ലെങ്കിൽ പെണ്ണിനെ കെട്ടി അടങ്ങി ഒതുങ്ങി ജീവിക്കുന്നവർക്ക്. അല്ലേ? അങ്ങനെ ആലോചിച്ചു കെട്ടിയാൽ എല്ലാം തികഞ്ഞോ? വീട്ടിനകത്ത് എന്ത് നടന്നാലും ആലോചിച്ചു കെട്ടിയാൽ മാത്രം മാന്യത ഉണ്ടാവുമോ?
സന്തോഷം ഉള്ളവരല്ലേ മാന്യന്മാർ? സമാധാനം ഉള്ള വീടല്ലേ നല്ല വീട്? അതോ എന്നും അടി കൂടുന്ന, ഒരുമിച്ചുറങ്ങാത്ത, മക്കളെ നോക്കാത്ത, ഒരുമിച്ചു ഭക്ഷണം കഴിക്കാത്ത, അപ്പനേം അമ്മേം അനാഥാലയത്തിൽ അയക്കുന്ന കുടുംബങ്ങളാണോ ഇപ്പോളും മാന്യമായ മലയാളി കുടുംബങ്ങൾ?

പിന്നെ, ഈയിടെയായി വേറെ ചില 'കഴുവേറിത്തരങ്ങൾ' നമ്മുടെ നാട്ടിൽ  അരങ്ങേറുന്നു. ന്യൂ ജെനറേഷൻ ആണെന്നാണ്‌ വെപ്പ്. ഏതെങ്കിലും ഡിഗ്രിയും കൊറച്ചു നല്ല ശമ്പളവും ആയിക്കഴിയുമ്പോ തുടങ്ങും പുതിയ ഏർപ്പാട്. ലിവിംഗ് റ്റുഗതർ എന്നാണു ഈ എർപ്പാടിന്റെ പേര്. കാശും വിദ്യാഭ്യാസവും സ്മാർട്ട് ഫോണും ഉള്ള ഒരു പെണ്ണും ആണും ആയിരിക്കും സാധാരണ ഈ പരിപാടിക്ക് ഇറങ്ങിത്തിരിക്കുന്നത്. എവടെയാണ് ഇത് നടക്കുന്നത്? നാട്ടിൽ  പറ്റില്ല. അടി കിട്ടും. അപ്പനും അമ്മയും അടിക്കും. ചിലപ്പോ സൂക്കേട്‌ കൂടിയ നാട്ടുകാരും അടിചേയ്ക്കും. അടി പേടിച്ചാണോ നാട്ടില പറ്റാത്തത്? നോ നോ നോ. തീർച്ചയായും അല്ല. ഈ ന്യൂ ജെനറേഷൻ പരിപാടി കാണിക്കാൻ ഇറങ്ങിത്തിരിക്കുന്ന തരുണൻമാർക്കും തരുണിമാർക്കും 'മാന്യത' വിട്ടു കളിക്കാൻ താല്പര്യം ഇല്ല. ഏതു മാന്യത? നാട്ടിലെ മാന്യത. കേരളത്തിനു പുറത്ത് എന്ത് കോപ്രായം വേണേലും കാണിക്കാം. പക്ഷെ കേരളത്തില ഡീസന്റ് ആവണം. ഇല്ലെങ്കിലേ, മാന്യമായി നല്ല ചെരുക്കനെ/പെണ്ണിനെ കല്യാണം കഴിച്ചു ജീവിക്കാൻ പറ്റില്ല! ഹഹഹ. അപ്പൊ സ്വയം മരം കേറി കുരങ്ങു കളിച്ചു നടക്കുന്നതിന് കുഴപ്പമില്ല, കെട്ടുന്ന പെണ്ണോ ചെറുക്കനോ മരം കയറാൻ പാടില്ല. ഇത് നല്ല ഏർപ്പാട് തന്നെ.



അവസാനം എന്താ സംഭവിക്കുക? പാവം എന്ന് ഭാവിക്കുന്ന ചെക്കൻ പാവം എന്ന് ഭാവിക്കുന്ന പെണ്ണിനെ കെട്ടി സ്വയം പാവം ആണെന്ന് ഭാവിച്ച്, കെട്ടിയത് ഒരു പാവത്തിനെയാണ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട് 'മാന്യമായി' ജീവിക്കാം. അല്ലാ, ഒരുമിച്ചു ജീവിക്കുമ്പോ പരസ്പരം എല്ലാം പറയണ്ടേ? ഹൊ! അതെല്ലാം വല്യ പുലിവാലാകും. ഇവൾ/ഇവൻ എന്റെ രണ്ടാമത്തേതാണെന്നറിഞ്ഞാൽ നാട്ടുകാരെന്തു കരുതും? എന്റെ മാന്യത! പാവമായ അവൾ/അവൻ എന്നെപ്പറ്റി എന്തു വിചാരിക്കും? ഹൊ! എനിക്ക് ആലോചിച്ചിട്ട് വല്യ സന്തോഷം തോന്നുന്നില്ല. ഇല്ലാതതെന്തോ ഉണ്ടെന്ന് ഭാവിച്ച് ഇങ്ങനെ എങ്ങനെ ജീവിക്കുമോ എന്തോ! 

പിന്നെ വേറൊരു കാര്യം ഉണ്ട്. പണ്ട് ആൾക്കാർ പറഞ്ഞതാ. 'പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും', 'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്നൊക്കെ.

എല്ലാ ദിവസവും കാണുന്ന, ഒരുമിച്ചു ജീവിക്കുന്ന സ്വന്തം ഭർത്താവിനെയും ഭാര്യയേയും കുഞ്ഞുങ്ങളെയും പറ്റിക്കുന്നവർക്ക് ആരോടായിരിക്കും ആത്മാർഥത? എനിക്കറിയാമ്മേലേ.. മലയാളിയെ ദൈവം കാക്കട്ടെ!

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...