Tuesday, July 05, 2016

ജീവിതം നമ്മെ പഠിപ്പിക്കുന്നത്

ഒമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മെയ് മാസം.

അമ്മ ഉമ്മറത്ത് കസേരയില്‍ രണ്ടുകാലും കയറ്റിവച്ച് കൈകള്‍ മടിയില്‍ വച്ച് കൂപ്പി എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു. യാത്ര പറയാന്‍ പോയതാണ് ഞാന്‍. പഠനം കഴിഞ്ഞ്, അടുത്ത കോഴ്സിനായി ഞാന്‍ ചെന്നൈക്ക് പോകുന്നു. പതിവുപോലെ അമ്മ ചായയും പലഹാരവും തന്നു. ചിരിച്ചു. എന്‍റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. സുഖമാണോ എന്ന് ചോദിച്ചപ്പോള്‍ മങ്ങിയ ഒരു പുഞ്ചിരി മാത്രമേ എനിക്കുതന്നുള്ളു. ഒരുപക്ഷേ ഉള്ളില്‍ നീറിയ കനലിന്റെ ഒരു തരിയായിരിക്കാം ആ കണ്ണുകളില്‍ വിഷാദത്തിന്റെ നേര്‍ത്ത നിഴല്‍ വീഴ്ത്തിയത്.

നിശബ്ദത നീണ്ടുപോയപ്പോള്‍ യാത്ര പറഞ്ഞ് ഞാന്‍ ഇറങ്ങി. വാതില്‍ക്കല്‍ നിന്ന് അമ്മ എനിക്ക് എല്ലാ നന്മകളും ആശംസിച്ചു. എന്തോ ഒരു നൊമ്പരത്തോടെ ഞാന്‍ നടന്നകന്നു. എന്‍റെ സുഹൃത്തിന്റെ അമ്മ എന്‍റെ അമ്മയെപ്പോലെയായിരുന്നു. അടുത്തൊരമ്മ.

ഒരാഴ്ച കഴിഞ്ഞ് ചെന്നൈയില്‍ വച്ച് ഒരു സുഹൃത്ത് ആ അമ്മയുടെ മരണവിവരം വിളിച്ചുപറഞ്ഞപ്പോള്‍ ഹൃദയമിടിപ്പിനൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍, ഓരോരോ ഓര്‍മകളില്‍ അമ്മ തന്ന പലഹാരങ്ങളുടെ രുചിപോലെ അവരുടെ പുഞ്ചിരികളും വാക്കുകളും നിറഞ്ഞപ്പോള്‍ ആയിരം മൈല്‍ ദൂരം ഒരു നിമിഷം കൊണ്ടില്ലാതായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. അപ്പോഴും എന്‍റെ കൂട്ടുകാരന്‍റെ നൊമ്പരത്തിന്റെ ആഴം എനിക്ക് അളക്കാന്‍ കഴിഞ്ഞില്ല. അവന് കരയാന്‍ ഒരു തോള്‍ കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവനെ കെട്ടിപ്പിടിച്ച് അവന്‍റെ കരച്ചിലടക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ജീവിതം അങ്ങനെയാണ് അല്ലേ? ആഗ്രഹങ്ങള്‍ ആഗ്രഹങ്ങളായി അവശേഷിക്കുന്ന ഒരു പ്രതിഭാസം?

പക്ഷേ, അങ്ങനെയല്ല ജീവിതം എന്ന് തെളിയിക്കുന്നതാണ് അനുഭവങ്ങള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വേദന നിറഞ്ഞ ഒരു ഡിസംബര്‍ മാസത്തില്‍ എന്‍റെ ചാച്ചന്റെ വേദന നിറഞ്ഞ നിശബ്ദതകൊണ്ട് ഞങ്ങളുടെ വീട്‌ നിറഞ്ഞു.  മരുന്നുകളുടെ ഗന്ധം നിറഞ്ഞ ആശുപത്രിപ്പുലര്‍ച്ചകളും സന്ധ്യകളും കടന്ന്, കണ്ണുനീരൊലിക്കുന്ന പ്രിയപ്പെട്ട മുഖങ്ങളുടെ മങ്ങിയ കാഴ്ചകല്‍ക്കപ്പുറത്തു വച്ച്, എന്‍റെ ചാച്ചനും വിട പറഞ്ഞു. ഇനി വരില്ല എന്ന് പറഞ്ഞ്, ഇനിയും ഒത്തിരി സ്നേഹം തരാന്‍ ബാക്കിവച്ച് ചാച്ചന്‍ പോയി. ജീവിതം നിറഞ്ഞ ശൂന്യതയില്‍ എനിക്ക് കരയാന്‍ ഒരു തോള്‍ അവനാണ് അന്ന് കൊണ്ടുവന്നത്.

ഓര്‍മ്മകളുടെ ചില്ലുകൂടയില്‍ ഒരിക്കലും മായാത്ത ഒന്നായി ഞാനത് സൂക്ഷിക്കും. കുന്തിരിക്കത്തിന്റെയും ദുഖത്തിന്റെയും ഗന്ധം നിറഞ്ഞ സെമിത്തേരിയില്‍, ചാച്ചന് അവസാനമായി ഒരു മുത്തം കൊടുത്ത് യാത്രപറഞ്ഞപ്പോള്‍ എനിക്ക് തലചായ്ച്ച് കരയാന്‍ അവന്‍റെ തോള്‍ അവിടെയുണ്ടായിരുന്നു. ബലമുള്ള ഒരു താങ്ങായി. ഒരു ജന്മത്തിന്റെ കടം ഒരു നിമിഷം കൊണ്ടെനിക്കുണ്ടായി. പിന്നീട് ഒരുവാക്കുപോലും പറയാതെ പഴയൊരു അമ്മപ്പുഞ്ചിരിയെ ഓര്‍മ്മിപ്പിച്ച് അവന്‍ മടങ്ങിപ്പോയി. പക്ഷേ ആ അഞ്ചുനിമിഷത്തെ കടം ഒരുജന്മം കൊണ്ടും വീട്ടാന്‍ എനിക്കാവില്ല.

ജീവിതം ഇങ്ങനെയാണ്. ഇങ്ങനെയൊക്കെയാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ജീവിക്കാനും, മനുഷ്യനാവാനും.




















ചിത്രം ഇവിടെ നിന്ന്

No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...