Saturday, August 26, 2017

മച്ചുതാങ്ങിപ്പല്ലിയുടെ അസൂയ

ഒരിക്കല്‍ കുട്ടനും കുട്ടത്തീം കൂടെ വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോഴാണ്‌ മച്ചിലിരുന്ന മച്ചുതാങ്ങിപ്പല്ലിക്ക് അവരോട് അസൂയ തോന്നിയത്. താന്‍ ദിവസം മുഴുവന്‍ മച്ചിലും ഭിത്തിയിലും നടന്ന് ഇര പിടിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടനും കുട്ടത്തീം കസേര വലിച്ചിട്ട് മേശയില്‍ നിന്നും സുഖമായി ഭക്ഷണം കഴിക്കുന്നു. മച്ചുതാങ്ങിപ്പല്ലി അവരെ ഒന്ന് പേടിപ്പിക്കാന്‍ തീരുമാനിച്ചു.

അവന്‍ ശബ്ദമുണ്ടാകാതെ മച്ചില്‍നിന്നും താഴെയിറങ്ങി മേശയ്ക്കടിയില്‍ വന്നു. എന്നിട്ട് കുട്ടന്‍റെ കാലില്‍ പതിയെ തോണ്ടി. കാലില്‍ എന്തോ തോണ്ടുന്നത് പോലെ തോന്നി കുട്ടന്‍ ഉറക്കെ നിലവിളിച്ചു. അതുകണ്ട് കുട്ടത്തിയും നിലവിളിച്ചു. രണ്ടുപേരും ഭക്ഷണം ഉപേക്ഷിച്ച് മുന്‍വശത്തിരുന്ന് പത്രം വായിക്കുന്ന അമ്മയുടെ അടുത്തേയ്ക്കോടി.

"അമ്മേ, അമ്മേ, മേശയ്ക്കടിയില്‍ എന്തോ ഒരു ജീവി. അതെന്നെ കടിച്ചെന്നാ തോന്നുന്നേ.." കുട്ടന്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

അമ്മ ഉടന്‍തന്നെ ഒരു ചൂലും എടുത്ത് മേശയ്ക്കടിയില്‍ നോക്കി. അപ്പോ ആണ്ടെ ഇരിക്കുന്നു, വലിയ മച്ചുതാങ്ങിപ്പല്ലി. "ങ്ങാഹാ, അത്രയ്ക്കായോ?കാണിച്ചുതരാം" എന്ന് പറഞ്ഞുകൊണ്ട് അമ്മ ചൂലുകൊണ്ട് അതിനെ തോണ്ടി മുറ്റത്ത് ഇറക്കിവിട്ടു.

കുട്ടനെയും കുട്ടത്തിയെയും അമ്മ ആശ്വസിപ്പിച്ചു. "അയ്യേ, അതൊരു പാവം പല്ലിയല്ലേ? എന്തിനാ പേടിക്കുന്നെ?" കുട്ടനും കുട്ടത്തിയും പതിയെ കരച്ചില്‍ നിര്‍ത്തി തിരികെ ഭക്ഷണം കഴിക്കാന്‍ പോയി. അന്ന് മുതല്‍ അവരുടെ പല്ലിപ്പേടി മാറി.

അമ്മ മുന്‍വശത്ത് പോയി ഇരുന്നു. എന്നിട്ട് മുറ്റത്ത് കിടക്കുന്ന മച്ചുതാങ്ങിപ്പല്ലിയോട് പറഞ്ഞു, "നീ അസൂയപ്പെട്ടാല്‍ നിനക്ക് ഒള്ളതും കൂടി പോകും. അധ്വാനിച്ചു ജീവിച്ചാലേ സന്തോഷം കിട്ടൂ. ഈ പാഠം പഠിച്ചിട്ട് ഇനി വീട്ടില്‍ കയറി ഈച്ചകളെ പിടിച്ചാല്‍ മതി, കേട്ടോ മച്ചുതാങ്ങിപ്പല്ലീ?"

മച്ചുതാങ്ങിപ്പല്ലി തലയും ആട്ടി അസൂയയും കളഞ്ഞിട്ട് പതിയെ മച്ചിലേയ്ക്ക് കയറിപ്പോയി. പിന്നീടൊരിക്കലും മച്ചുതാങ്ങിപ്പല്ലി കുട്ടനെയും കുട്ടത്തിയെയും ഉപദ്രവിച്ചില്ല. അന്ന് മുതല്‍ മച്ചുതാങ്ങിപ്പല്ലി അസൂയ ഇല്ലാതെ, അധ്വാനിച്ച് ജീവിച്ചു.

No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...