എന്റെ മകളുടെ കഥകളിൽ ആർക്കെങ്കിലും വിഷമമോ പ്രതിസന്ധികളോ ഉണ്ടായാൽ അവൾ ഉടനെ "കപീഷേ രക്ഷിക്കണേ..." എന്ന് പറയും. ഉടനെ കപീഷിന്റെ വാൽ നീണ്ടുവരും. കഥയിലെ പ്രശ്നകാരകനെ വാലുകൊണ്ട് ചുരുട്ടിയെടുത്ത് വെള്ളത്തിലേറിയും. 'ബ്ലും' എന്ന ശബ്ദത്തോടെ വില്ലൻ വെള്ളത്തിൽ വീഴും.
അടുത്ത നടപടിയാണ് നിങ്ങളുടെ കഥകളിലില്ലാത്തതും എന്റെ മകളുടെ കരുണാപരമായ ജീവിതവീക്ഷണത്തിന്റെ കാതലുമായ ഭാഗം. കപീഷിന്റെ വാൾ മാത്രമേ ഇതുവരെ കഥയിലുള്ളു. വില്ലൻ വെള്ളത്തിൽ വീണ് ശിക്ഷ അനുഭവിക്കുമ്പോൾ കപീഷ് വരും. കയ്യിൽ സോപ്പും തോർത്തുമായി! അവനത് വെള്ളത്തിൽ വീണുകിടക്കുന്ന വില്ലന് കൊടുക്കും. വില്ലൻ സോപ്പൊക്കെ തേച്ച് കുളിക്കും. എന്നിട്ട് തോർത്തും. പിന്നെ ദേഹത്ത് ക്രീമൊക്കെ ഇട്ട് ഡയപ്പറും ഉടുപ്പും ധരിക്കും. അപ്പോൾ കപീഷ് കരയ്ക്ക് കാത്തുനിൽക്കുന്നുണ്ടാവും. അവൻ വില്ലനെ ഉപദേശിക്കുകയും വില്ലൻ സ്വഭാവപരിവർത്തനം പ്രാപിക്കുകയും ചെയ്യും.
ഈ കഥയിലെ കഥാപാത്രങ്ങളേക്കാൾ കഥപറച്ചിലുകാരിയാണ് പ്രാധാന്യം അർഹിക്കുന്നത്. മൂന്നുവയസ്സ് തികയാത്ത എന്റെ മകൾക്ക് നല്ലതും ചീത്തയും തിരിച്ചറിയാനും പരിവർത്തനം വരുത്താനുള്ള സംഭാഷണത്തിന്റെ പ്രാധാന്യവും അതിൽ സഹായിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ അനായാസം വഴങ്ങുന്നു. ഇന്നത്തെ ലോകത്ത് പ്രതികാരമാണ് ആദ്യ പ്രതികരണം. അങ്ങനെയുള്ള ലോകത്ത് എന്റെ മകളെപ്പോലെയുള്ള മനസ്സുകൾ സുന്ദരവും നീതിപൂർണവും സ്നേഹം നിറഞ്ഞതുമായ ഒരു ഭാവി ലോകം പണിയട്ടെ എന്ന് ആഗ്രഹിക്കുന്നു.