പത്തു വര്‍ഷത്തോളം ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഉത്തർപ്രദേശിലും, നഗരത്തിലും ഗ്രാമത്തിലുമായി ഞാന്‍ ജീവിച്ചു. ഞാന്‍ മലയാളി ആണെന്നറിയുമ്പോള്‍ മിക്കവാറും എല്ലാ അഭ്യസ്തവിദ്യരായവരും പറയുന്ന ഒരു കാര്യം ഉണ്ട്- 'എന്റെ ഇംഗ്ലീഷ് ടീച്ചര്‍ ഒരു മലയാളി ആയിരുന്നു'. ഇവിടെ സ്കൂളുകളുടെ പരസ്യ ബോര്‍ഡുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു വാചകം ആണ് 'കേരള ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന സ്ഥാപനം'.
ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി എന്ന് ഞാന്‍ കരുതുന്നു. ഇത്രയധികം ബഹുമാനിക്കപ്പെട്ടിട്ടും, അംഗീകരിക്കപ്പെട്ടിട്ടും മലയാളിക്ക് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ ആത്മവിശ്വാസം കൈവന്നിട്ടില്ല. സാധാരണ മലയാളി, ഡിഗ്രി ഉള്ള ആളാണ് എങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കണം എന്ന് കേട്ടാല്‍ മുട്ടുവിറച്ച് ഒഴിവാകും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? വിദ്യാഭ്യാസവും അനുഭവങ്ങളും എന്തുകൊണ്ട് ഈ പേടി മാറ്റുന്നില്ല?
മലയാളിയുടെ ഇംഗ്ലീഷ് പേടിയെ 'മലയാളിംഗ്ലിഷ്' അവലോകനം ചെയ്യട്ടെ.
1. മലയാളിക്ക് ഇംഗ്ലീഷിനെയല്ല, ഇംഗ്ലീഷുകാരെയാണ് പേടി
ഇത് ഒരു സാമൂഹ്യ അവലോകനം അല്ലെങ്കിലും താത്വികമായ ഒരു അവലോകനം ആവശ്യമാവുന്നു. വിദേശീയ അടിമത്തം കൊണ്ട് വീര്‍പ്പു മുട്ടുന്നതിനു മുന്‍പേ മലയാളി ജാതി വ്യവസ്ഥയുടെ പിടിയില്‍ ശ്വാസം മുട്ടിയിരുന്നു. അന്ന് മുതലേ സാധാരണക്കാരന് (സാധാരണക്കാരന്‍=താഴ്ന്ന ജാതിക്കാരന്‍=ഇന്നത്തെ മധ്യവര്‍ഗം, പാവപ്പെട്ടവര്‍) പണത്തിലും ജാതിയിലും സ്ഥാനത്തിലും കൂടിയവരെ പേടി ആയിരുന്നു. ഏറാന്‍ മൂളലും താഴ്ന്ന് വണങ്ങലും എല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. മേലാളനോടുള്ള പേടി ബ്രിട്ടീഷുകാരനോടുള്ള പേടിക്ക് വഴി മാറി. അവര്‍ നമ്മെ ഇംഗ്ലീഷും, വിരലില്‍ എണ്ണാവുന്നാത്ര തോക്കുകളും പട്ടാളക്കാരെയും കാട്ടി പേടിപ്പിച്ച് ഭരിച്ചു. ഒടുക്കം അവര്‍ പോയപ്പോള്‍ നമ്മള്‍ ഇംഗ്ലീഷിനെ തുടര്‍ന്നും പേടിച്ചുകൊണ്ടിരിക്കുന്നു. കാരണം ഒന്നുമില്ല ഈ പേടിക്ക്. അടിസ്ഥാനം ഇല്ലാത്ത പേടി. ന്യായവും യുക്തിയും ഇല്ലാത്ത പേടി. ഇംഗ്ലീഷ് വെറും ഒരു ഭാഷ ആണെന്നും അത് പഠിക്കാനും സംസാരിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല എന്നും തിരിച്ചറിയാത്തതിനാല്‍ ഉള്ള പേടി. സത്യത്തില്‍ മലയാളം പോലെയുള്ള, കടുകട്ടിയായ മറ്റു ഭാഷകള്‍ ചുരുക്കം ആണ്. മലയാളം അറിയുന്നവന്‍ എന്തിന് ഇംഗ്ലീഷ് പോലുള്ള ഒരു ലളിതമായ ഭാഷയെ പേടിക്കണം? അതുകൊണ്ട്, ഇംഗ്ലീഷ്പേടി കളയൂ. അത് കാരണമില്ലാത്ത ഒരു പേടിയാണ്.
2. മലയാളി മടിയനാണ്
ഒരു ഭാഷയും ഉപയോഗിക്കാതെ പഠിക്കാനാവില്ല. തപാലില്‍ നീന്തല്‍ പഠിക്കാനാവില്ലല്ലോ! സംസാരിക്കാതെ, എഴുതാതെ, വായിക്കാതെ, കേള്‍ക്കാതെ ഒരു ഭാഷയും പഠിക്കാന്‍ പറ്റില്ല. കുഞ്ഞുങ്ങള്‍ ഭാഷ പഠിക്കുന്നത് സംസാരിച്ചും കേട്ടും ആണ്. അങ്ങനെയേ മുതിര്‍ന്നവര്‍ക്കും ഭാഷകള്‍ പഠിക്കാന്‍ പറ്റൂ. മടിയനായ മലയാളി സംസാരിക്കാതെ ഇംഗ്ലീഷ് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍?
പ്രിയപ്പെട്ട മലയാളീ, ഇംഗ്ലീഷ് പഠിക്കാന്‍ എളുപ്പം ആണ്. താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ, ഇംഗ്ലീഷ് എളുപ്പത്തില്‍ വശമാവുന്നത് അനുഭവിക്കൂ.
- എ. ദിവസവും അല്പം ഇംഗ്ലീഷ് വായിക്കണം
- ബി. ദിവസവും അല്പം ഇംഗ്ലീഷ് കേള്‍ക്കണം
- സി. ദിവസവും അല്പം ഇംഗ്ലീഷ് എഴുതണം
- ഡി. ദിവസവും അല്പം ഇംഗ്ലീഷ് സംസാരിക്കണം
ഇവ ചെയ്‌താല്‍ നിങ്ങള്‍ മടിയന്‍/മടിച്ചി അല്ലാതാവുകയും ഇംഗ്ലീഷ് എളുപ്പത്തില്‍ കൈവശമാവുകയും ചെയ്യും.
3. മലയാളി താരതമ്യം ചെയ്യുന്നു
നക്ഷത്രങ്ങളെ ലക്‌ഷ്യം വച്ചാലേ ചന്ദ്രനില്‍ എങ്കിലും എത്തൂ. അതുകൊണ്ടാവാം മലയാളി ഇംഗ്ലീഷ് പഠിക്കുമ്പോള്‍ 'റ്റൈറ്റാനിക്കിലെ' ജാക്കിനെയും റോസിനെയും പോലെ സംസാരിക്കണം എന്ന് ലക്‌ഷ്യം വയ്ക്കുന്നത്. നല്ലതുതന്നെ. പക്ഷെ, യാഥാര്‍ഥ്യബോധം കൂടി വേണ്ടേ? മലയാളി സംസാരിക്കുമ്പോള്‍ മലയാളി ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? ഭാഷ സംവദിക്കാനുള്ളതാണ്. അത് സാധിക്കുന്നിടത്തോളം നിങ്ങള്‍ ജാക്കിനെയോ റോസിനെയോ പോലെ സംസാരിക്കണം എന്നില്ല. ചാക്കുണ്ണിയെ പോലെയും റോസമ്മയെ പോലെയും സംസാരിച്ചാല്‍ മതി. അല്ലെങ്കില്‍ തന്നെ മലയാളിയുടെ ഇംഗ്ലീഷ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണല്ലോ ലോകത്തെവിടെയും മലയാളികള്‍ വിജയകരമായി ജീവിക്കുന്നത്. അതുകൊണ്ട് പ്രിയപ്പെട്ട മലയാളീ, നിങ്ങളെ നിങ്ങളുമായി മാത്രം താരതമ്യം ചെയ്യുക. എന്നിട്ട് സംസാരിച്ചുതുടങ്ങുക. ഇംഗ്ലീഷ് എളുപ്പമാണ്.4. മലയാളി മുഖംമൂടികളെ ഇഷ്ടപ്പെടുന്നു
അല്പം കാശും പത്രാസുമൊക്കെ ആയിക്കഴിയുമ്പോള്‍ മലയാളി കാറും വീടും വാങ്ങി അയല്‍ക്കാരെ അകറ്റും. പിന്നെ പുതിയ 'ഉയര്‍ന്ന' ആളുകളെ പരിചയപ്പെടും. താന്‍ വേറെ 'വലിയ' ആരോ ആയി എന്ന് ഭാവിക്കും. സ്വന്തം മുഖംമൂടി മിനുക്കി താന്‍ വേറെ ആരോ ആണ് എന്ന് അഹങ്കരിക്കും.
ഇതിനുള്ള ഒരു മാര്‍ഗമായി ഇംഗ്ലീഷിനെ കാണുന്ന/ഉപയോഗിക്കുന്ന മലയാളികള്‍ ഉണ്ട്. അവര്‍ക്ക് പത്രാസ് എളുപ്പത്തില്‍ ഉണ്ടാവുമെങ്കിലും ഇംഗ്ലീഷ് അത്ര എളുപ്പത്തില്‍ ഉണ്ടാവില്ല. കാരണം, നമ്മെ നാം ആയിരിക്കുന്നതുപോലെ പ്രകടിപ്പിക്കാന്‍ ആണ് ഭാഷ ഉപകരിക്കുന്നത്. വച്ചുകെട്ടലുകളെയും മുഖംമൂടികളെയും ഭാഷ എളുപ്പത്തില്‍ ചതിക്കും. അതുകൊണ്ട്, പ്രിയപ്പെട്ട മലയാളീ, മുഖം മൂടിയില്ലാതെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങൂ. ഇംഗ്ലീഷ് എളുപ്പമാണ്.
5. മലയാളിക്ക് തെറ്റു വരുത്താന്‍ പേടിയാണ്
സ്കൂളില്‍ തെറ്റുവരുത്തുമ്പോള്‍ അടികിട്ടിയ ഓര്‍മയില്‍ ജീവിതത്തില്‍ തെറ്റുവരുത്താന്‍ മലയാളി പേടിക്കുന്നു. അത് നാണക്കേടായി കരുതുന്നു. മലയാളീ, നിങ്ങള്‍ ഒന്ന് മറക്കുന്നു: വീഴാതെ നടക്കാന്‍ പഠിക്കില്ല ആരും. ശ്രമിച്ചാല്‍ തെറ്റുവരാന്‍ സാധ്യത ഉണ്ട്. പക്ഷെ, തെറ്റു വരുത്താതെ ഒരു ഭാഷയും പഠിക്കാന്‍ കഴിയില്ല. തെറ്റു വരുത്തിയാലേ, ശരികള്‍ പഠിക്കൂ. നിങ്ങള്‍ തെറ്റുവരുത്തുകയും, അത് തിരിച്ചറിയുകയും ചെയ്യുകയാണെങ്കില്‍ അഭിമാനിക്കൂ, കാരണം നിങ്ങള്‍ നന്നായി പഠിക്കുകയാണ്. അതുകൊണ്ട്, പ്രിയപ്പെട്ട മലയാളീ, പേടിക്കാതെ തെറ്റുവരുത്തൂ, തെറ്റുകളില്‍ നിന്നും പഠിക്കൂ. ഇംഗ്ലീഷ് എളുപ്പമാണ്.എല്ലാത്തിനും ഉപരിയായി ഏതൊരു ഭാഷയെയും പോലെ, ഉപയോഗിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് എളുപ്പത്തില്‍ കൈവരുന്നു. ശരീരവ്യായാമം ചെയ്യുന്നവന് മസില്‍ വരുന്നതുപോലെ ഭാഷ ഉപയോഗിക്കുന്നവന് ഭാഷ നല്ല വശമാകുന്നു. എത്ര ഉത്സാഹത്തോടെ ഉപയോഗിക്കുന്നോ, അത്ര മനോഹരമായി അത് ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ പേടിയുടെ കാര്യം എന്താണ്? മലയാളീ, പേടിക്കാതെ ഇംഗ്ലീഷ് ഉപയോഗിക്കൂ. നിങ്ങളുടെ ഇംഗ്ലീഷ് മോശമല്ല. നല്ലതാണ്.