Showing posts with label Women's Day Special. Show all posts
Showing posts with label Women's Day Special. Show all posts

Saturday, March 07, 2015

സ്വാതന്ത്ര്യചിന്തകള്‍- മാധവിക്കുട്ടിക്കൊപ്പം.

കുറച്ചു നാളുകള്‍ക്കുമുമ്പ്, സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി മാധവിക്കുട്ടി എഴുതിയ ഒരു ലേഖനം വായിച്ചു. "സ്ത്രീയായി ജീവിക്കാനാണ് സ്വാതന്ത്ര്യം വേണ്ടത്" എന്നാണ് തലക്കെട്ട്‌. സാധാരണ സ്ത്രീപക്ഷവാദികളുടെ ആക്രമണോത്സുകമായ ശബ്ദം അതില്‍ ഞാന്‍ കേട്ടില്ല. മറിച്ച് സ്ത്രീയെ ഉള്ളില്‍നിന്നും അറിഞ്ഞ, പെണ്‍കുഞ്ഞായും പെണ്‍കുട്ടിയായും യുവതിയായും മധ്യവയസ്കയായും വാര്‍ധക്യം അറിഞ്ഞും പറയുന്ന ശബ്ദമാണ് കേട്ടത്. പുരുഷന്മാരെയും പുരുഷമേധാവിത്തത്തെയും പൊതുസമൂഹത്തെയും അപ്പാടെ കരിയും ചെളിയും വാരിത്തേച്ച് ഫെമിനിസ്റ്റ് വാദവും ഫെമിനിസ്റ്റ് പക്ഷവാദവും പറയുന്ന ഞാനുള്‍പ്പെടെയുള്ളവരുടെ ആഴമില്ലായ്മയും വിഡ്ഢിത്തവും ആണ് ഈ ലേഖനം എനിക്ക് വെളിപ്പെടുത്തിത്തന്നത്.

വിദ്യാഭ്യാസവും അതുമൂലം ഉദ്യോഗവും കിട്ടിയാല്‍ സ്ത്രീ സ്വതന്ത്രയായി എന്ന് മാധവിക്കുട്ടി വിശ്വസിക്കുന്നില്ല. മറിച്ച്, വിദ്യാഭ്യാസമെന്ന ഭാരം ചുമക്കുന്നതുകൊണ്ടുമാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാകുന്ന സ്ത്രീയുടെ അസ്വാതന്ത്ര്യമാണ് ലേഖനത്തിന്‍റെ പ്രതിപാദ്യം. തനിക്ക് തന്‍റെ കുഞ്ഞിനെയും നോക്കി അതിന് മുലകൊടുത്ത് വീട്ടിലിരിക്കാനാണ് താത്പര്യമെങ്കില്‍ അതു ചെയ്യാനുള്ള അവസരമല്ലേ സ്വാതന്ത്ര്യം. അപ്പോള്‍ വര്‍ഷങ്ങള്‍കൊണ്ടു നേടിയെടുത്ത വിദ്യാഭ്യാസവും അതുകൊണ്ട് നേടിയ ഉദ്യോഗവും സ്വര്‍ണ്ണച്ചങ്ങലകൊണ്ടുള്ള ബന്ധനം തന്നെയാണ്. മാധവിക്കുട്ടി കാണുന്നപോലെ ലോകം കാണാന്‍ മാധവിക്കുട്ടിക്കുമാത്രമേ കഴിയൂ.
 
ചരിത്രതിലേയ്ക്കു നോക്കുന്ന സ്ത്രീപക്ഷവാദി കാണുന്നത് പ്രകൃത്യാ സ്ത്രീയ്ക്കു ലഭിച്ച ദൗത്യങ്ങള്‍ അവളെ വീട്ടില്‍ തളച്ചിടുന്നതും പുരുഷന്‍ തന്റെ മേല്‍ക്കോയ്മ അതേ കാരണത്താല്‍ അടിച്ചേല്‍പ്പിക്കുന്നതുമാണ്. ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും കുഞ്ഞുങ്ങളെ വളര്‍ത്തലും വലിയ ദൌത്യങ്ങളാണ്. ഒരായുസ്സിന്റെ ദൈര്‍ഘ്യമുള്ളവ. പെണ്ണിന്റെ ശരീരവും മനസ്സും അമ്മയുടേതുമാകുന്നത് യാദൃശ്ചികമല്ലല്ലോ. ഇത്തരത്തില്‍ തങ്ങള്‍ക്കു പ്രകൃത്യാ ലഭിച്ച ദൌത്യങ്ങള്‍മൂലം വീട്ടില്‍ തളച്ചിടപ്പെടുന്നതിനെ നഖശിഘാന്തം എതിര്‍ക്കുന്ന സ്ത്രീപക്ഷവാദമേ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളു. ഇതാദ്യമായാണ് ഒരു കടുത്ത സ്ത്രീപക്ഷവാദി സ്ത്രീ, സ്ത്രീകള്‍ ഉദ്യോഗത്തിനു പോകുന്നത് കടുത്ത ആസ്വാതന്ത്ര്യമാണെന്ന് പറയുന്നത് കേള്‍ക്കുന്നത്. ഇത്തരമൊരു വാദത്തിന്റെ മൂലം?
 
സ്വാതന്ത്ര്യമാണ് സമത്വത്തിനാധാരം. ഉദ്യോഗം വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍ സമത്വമായോ? അപ്പോള്‍ വയറുകായുമ്പോള്‍ എന്തുതിന്നും? കുടുംബഭാരം എറ്റെടുക്കുന്ന സ്ത്രീ എന്തു പാചകം ചെയ്യും? അതിനല്ലേ ഭര്‍ത്താവ് ജോലിക്കു പോകുന്നത്? അപ്പോ പുരുഷന് സമത്വം വേണ്ടേ? അതേ നാണയത്തില്‍, പുരുഷന് ജോലി വേണ്ട എന്നാണെങ്കില്‍, വീടുനോക്കി, കുട്ടികളെ പാലിക്കുന്നതാണ് താത്പര്യമെങ്കില്‍ അതും സമത്വത്തിന്റെ പേരില്‍ അനുവദിച്ചു കൊടുക്കണ്ടേ? വേണം. അപ്പോഴേ സമത്വം സമമാവൂ. അല്ലെങ്കില്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ചിലരൊക്കെ കൂടുതല്‍ സമന്മാരും മറ്റുചിലര്‍ കുറഞ്ഞ സമന്മാരുമാവും.

ഇത്തരത്തിലുള്ള സമത്വം സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലേ? ജോലി ചെയ്തില്ലെങ്കില്‍ സ്വത്തുസമ്പാദനം നടക്കില്ല, സാമ്പത്തികഭദ്രത ഉണ്ടാവില്ല. മാധവിക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അതിനുമുണ്ട് പരിഹാരം. ഒരു കുടുംബത്തില്‍ ആരെങ്കിലുമൊരാള്‍ ജോലിചെയ്തു സമ്പാദിച്ചാല്‍ മതി. അത് ഭര്‍ത്താവാകണമെന്നെന്താണു നിര്‍ബന്ധം? ഭാര്യ ജോലി ചെയ്യട്ടെ, സമ്പാദിക്കട്ടെ. ഭര്‍ത്താവ് കുഞ്ഞുങ്ങളെനോക്കി, പാചകം ചെയ്ത്, തുണി കഴുകി, ഇസ്തിരിയിട്ട്, വീടു വൃത്തിയാക്കി ഗൃഹം ഭരിക്കട്ടെ. സമത്വാധിഷ്ഠിധമായ ലോകത്തില്‍ അതിനെന്താണൊരു കുറച്ചില്‍? അതെ. പുരുഷന്‍ വീടു നോക്കട്ടെ, സ്ത്രീ ജോലി ചെയ്തു സമ്പാദിക്കട്ടെ!

ആശയം നല്ലതുതന്നെ. പക്ഷേ, നമ്മുടെ നാട്ടിലെ എത്ര ചുവന്നുതുടുത്ത സിമ്പ്ലന്മാര്‍ ഇതിനു തയ്യാറാവും? വീട്ടിലിരിക്കാനും ജോലി വേണ്ടെന്നുവയ്ക്കാനും ഒരുപക്ഷേ ഒരുപാട് ആണുങ്ങള്‍ തയ്യാറായേക്കും. പക്ഷേ കൊച്ചിന്റെ അപ്പികോരാനും ഭാര്യയുടെ തുണിയലക്കാനും തയ്യാറാവുന്നരുണ്ടാവുമോ? ഇല്ലെങ്കില്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞുവെച്ചതെത്ര ശരിയായിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ. 
ഇപ്പോഴെന്താണു പ്രശ്നം? സ്ത്രീകള്‍ക്കു സമത്വം കൊടുക്കാന്‍ പുരുഷന്മാര്‍ സമ്മതിക്കാത്തതാണോ? അതോ സ്ത്രീയും പുരുഷനുമുള്‍പ്പെട്ട സമൂഹം ലിംഗപരം എന്നു കരുതപ്പെടുന്ന ജോലികള്‍ വച്ചുമാറാന്‍ തയ്യാറാവാത്തതോ? മുമ്പു പറഞ്ഞതിനോട് ഒരുകാര്യം കൂടെ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. എത്ര സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവ് ഒരു വീട്ടച്ഛനാണ് എന്ന് അഭിമാനത്തോടെ പറയാന്‍ തയ്യാറാവും? ഒരുപാട് പേര്‍ക്കു പറയാന്‍ കഴിയുമെങ്കില്‍ കൊള്ളാം. നമ്മുടെ സമൂഹം ലിംഗനീതിയും സമത്വവും പഠിച്ചുവരുന്നുണ്ട് എന്നു പറയേണ്ടിവരും.

ഇതിലൊക്കെയുപരി മാധവിക്കുട്ടി പറയാനുദ്ദേശിച്ചത് വ്യക്തിസ്വാതന്ത്ര്യവും വ്യക്തികള്‍ പുരുഷനോ സ്ത്രീയോ ആയി നിറവേറ്റേണ്ട കടമകളും പ്രകൃത്യാ സ്ത്രീയ്ക്കുള്ള 'റോളു'കളും തമ്മിലുള്ള കെട്ടുപിണയല്‍ ഉളവാക്കുന്ന അസ്വാരസ്യങ്ങളെയും അസമത്വങ്ങളെയും കുറിച്ചാണ് എന്നുതോന്നുന്നു. മറ്റു വാക്കുകളില്‍, ലിംഗപരതയും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള ഉരസലുകള്‍. പുരുഷനൊരിക്കലും സ്ത്രീയ്ക്കുമാത്രം ചെയ്യാവുന്ന റോളുകള്‍ ഏറ്റെടുക്കാനാവില്ല. ജീവശാസ്ത്രപരമായി അതസംഭവ്യമാണ്. പക്ഷേ മറിച്ചാവാം. സ്ത്രീയ്ക്ക് പുരുഷന്റെ റോളുകള്‍ എറ്റെടുക്കാം, ഭംഗിയായി നിറവേറ്റാം. സ്ത്രീയ്ക്ക് പ്രകൃത്യാ ഉള്ള മേല്‍ക്കോയ്മയുടെ തെളിവും ലക്ഷണവുമാണിത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഫ്രോയി‍ഡിന്റെ 'പീനിസ് എന്‍വി'യും 'ഈഡിപ്പസ് കോംപ്ലക്സു'മൊക്ക വെറും തമാശയാണെന്നു തോന്നും. അപ്പോഴും മേല്‍ക്കോയ്മ ഉപയോഗിക്കാന്‍ സ്ത്രീയ്ക്കെന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യം നമ്മെ അലട്ടുന്നു. 
ഉപദ്രവിക്കപ്പെടുന്നവളായാണ് ഭൂരിഭാഗം സ്ത്രീകളും ചിത്രീകരിക്കപ്പെടുന്നത്. ഒരുപക്ഷേ സ്ത്രീകള്‍ ഉപദ്രവം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജോലിസ്ഥലത്തും വഴിയിലും ഇരുട്ടിന്റെ മറവിലും സ്വന്തം വീടിന്റെ കിടപ്പറയിലും സ്ത്രീ പുരുഷനെ ഉപദ്രവിക്കണം. ശല്യപ്പെടുത്തണം. അശ്ലീലം പറയണം. തുണിയുരിഞ്ഞു കളിയാക്കണം. ബലാത്സംഗം ചെയ്യണം. കല്ലുകളും ഇരുമ്പുലക്കകളും മുളകുപൊടിയും കത്തിയുമുപയോഗിച്ച് ശരീരം ചതയ്ക്കണം. വിരൂപമാക്കണം. നഗ്നചിത്രങ്ങളും വീഡിയോകളും പിടിച്ച് വൈകാരികമായി വേട്ടയാടണം. അവ പരസ്യപ്പെടുത്തി അപമാനിക്കണം. 

ഒരുപക്ഷേ, ഇതൊക്കെ ഇനിയൊരുകാലത്ത് സാധ്യമായേക്കാം. നീ മനസ്സുവയ്ക്കണമെന്നുമാത്രം.  സ്ത്രീയേ, ഈ സമൂഹത്തെ മാറ്റേണ്ടതും വിദ്യ അഭ്യസിപ്പിക്കേണ്ടതും നിന്റെ കടമയായിത്തീര്‍ന്നിരിക്കുന്നു. കാരണം വിദ്യയില്ലായ്മയുടെ ഫലം നീയാണേറ്റം ഏറ്റുവാങ്ങുന്നത്. വീട്ടുതടങ്കലും സ്ത്രീധനവും പീഡനവും ബലാത്സംഗവും പഴങ്കഥയാവണമെങ്കില്‍ വിദ്യ വേണം, വെളിച്ചം വേണം. നിന്റെ ആണ്‍മക്കള്‍ കാഴ്ചയുള്ളവരായി വളരണം. നിന്റെ പെണ്മക്കള്‍ കരുത്തുള്ളവരായി തീരണം. അത്, സ്ത്രീയേ, നിനക്കുമാത്രമേ കൊടുക്കാന്‍ പറ്റൂ. അതുകൊണ്ട് നീ അന്ധകാരത്തിലാണെങ്കില്‍ വെളിച്ചത്തിലേയ്ക്കു വരൂ. നീയിപ്പോള്‍ വെളിച്ചത്തിലാണെങ്കില്‍ തിളങ്ങൂ. നിന്റെ ഭര്‍ത്താവിനും മക്കള്‍ക്കും അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും വിദ്യയുടെ വെളിവു കൊടുക്കൂ. വസുധൈവ കുടുംബകം നല്ല മനസ്സുള്ള സ്ത്രീകളിലൂടെയേ തുടങ്ങിവയ്ക്കാന്‍ പറ്റൂ. കാരണം സ്ത്രീ അടിസ്ഥാനപരമായി അമ്മയാണ്. 

മാധവിക്കുട്ടി പ്രതിപാദിച്ച സ്വാതന്ത്ര്യം അപ്പോഴുണ്ടാവുമോ? ഉണ്ടാവുമെന്ന് എന്നിലെ ശുഭാപ്തിവിശ്വാസം പറയുന്നു. അല്ലെങ്കിലും ശുഭാപ്തിവിശ്വാസം ഇല്ലെങ്കില്‍ പിന്നെന്തു കാര്യം? മതവും ജാതിയുമെഴുതിക്കൊടുക്കാതെ ഒരപേക്ഷാപത്രം പോലും സ്വീകരിക്കാത്ത മതേതര രാജ്യത്ത് സ്വബോധത്തോടെ ജീവിക്കണമെങ്കില്‍ ശുഭാപ്തിവിശ്വാസം വേണം. അതേ ശുഭാപ്തിവിശ്വാസം നമ്മെയും നയിക്കട്ടെ- ഇരുട്ടില്‍നിന്നു വെളിച്ചത്തിലേയ്ക്കും, നുണയില്‍നിന്നു നേരിലേയ്ക്കും, കെട്ടുകളില്‍നിന്നു സ്വാതന്ത്ര്യത്തിലേയ്ക്കും. കാരണം പെണ്ണിനും ആണിനും സ്വാതന്ത്ര്യം ആവശ്യമാണ്- ജീവിക്കാനും ജീവന്‍ കൊടുക്കാനും. എനിക്കു ഫെമിനിസ്റ്റാവണ്ട, ഹ്യൂമനിസ്റ്റായാല്‍ മതി. ഒരു മാധവിക്കുട്ടിയായാല്‍ മതി. കമലയോ സുരയ്യയോ ആയാലും മതി.

Saffron Catholics of Kerala

Recently, a few Catholic dioceses in Kerala have been making statements and movements favouring right wing political parties. Some of these ...