കൊഴിയുന്ന മുടിയിഴകള്‍
അടരുന്ന ചുമരിലെ പാണ്ടുകള്‍ നോക്കി നോക്കി സമയം പോയതറിഞ്ഞില്ല.
ദൂരെ നിന്നും കറുത്ത മഴ മേഘങ്ങള്‍ ഓടി വരുന്നുണ്ട്.
അങ്ങകലെ കിഴക്കേ മലനിരകള്‍ക്കപ്പുറത്തുനിന്നും ശബ്ദം കേള്‍ക്കാം.
ആകാശം ഇരുണ്ടു, അരങ്ങ് ഒരുങ്ങി, ഇനി കഥാപാത്രങ്ങള്‍.
1 - ചുമര്. തേപ്പ് അടര്‍ന്നു തുടങ്ങിയിട്ട് കാലങ്ങള്‍ ആയി.
ചായം പൂശാത്തതുകൊണ്ട് നിറം മങ്ങിയിട്ടില്ല.
അങ്ങിങ്ങായി പാണ്ടുകള്‍ കാണാം- തേപ്പടര്‍ന്ന ഓട്ടകള്‍.
ഒരുപക്ഷേ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ പാടുകളും!
2 - സമയം. കാലം എന്ന് മറ്റൊരു പേര്. അജ്ഞാതന്‍.
രൂപംഇല്ലാത്തതിനാല്‍ ആരും കണ്ടിട്ടില്ല. എങ്കിലും
അവന്‍റെ പ്രഹരം ഏറ്റുവാങ്ങാത്ത ആരും ഇല്ല.
ഒരു സംശയം. കാലം വരികയാണോ, അതോ പോകയാണോ?
3 - മേഘങ്ങള്‍. അവയ്ക്ക് നിറം മാറാന്‍ അറിയാം.
ചിലപ്പോള്‍ സ്വഭാവവും- ഞാന്‍ കണ്ടിട്ടുണ്ട്.
വെളുത്തു വെളുത്തു വന്നിട്ട് കറുത്ത് കറുത്ത് പെയ്യും.
ശ്വാസം മുട്ടിക്കും. ചെകുത്താന്റെ സ്വഭാവം.
4 - ഇരുട്ട്. നിശബ്ദം നിഷ്കരുണം നിരാധാരം.
നിറങ്ങളില്ല, മണങ്ങളില്ല, രുചിഭേദങ്ങളില്ല.
ഭാവം ശാന്തം, സ്വഭാവമജ്ഞാതം.
ഒരു ചോദ്യം. രണ്ടില്‍ ഒന്നാണ് സത്യമെങ്ങ്കില്‍ ഇരുട്ടോ വെളിച്ചമോ നുണ?
കഥാപാത്രങ്ങള്‍ തയ്യാര്‍. ഇനി വേണ്ടത് കഥ. പക്ഷേ...
എന്‍റെ പക്കല്‍ കഥകളില്ല, കഥാപാത്രങ്ങളേ ഉള്ളു...
അതുകൊണ്ടാണ് ഞാന്‍ അടരുന്ന ചുമരില്‍ നോക്കുന്നത്.
കൊഴിയുന്ന മുടിയിഴകള്‍ക്കിടയിലൂടെ...
------------------------------------------------------------------
Sajit....
ReplyDeleteBrilliant, I should say...
Liked this one a lot...