Friday, January 30, 2015

'എത്രനല്ല ദീസമാണു ഇന്ന്!'

'എത്രനല്ല ദീസമാണു ഇന്ന്!' കാച്ചുമോന്റെ വാക്കുകള്‍ കുട്ടിത്തം കുടഞ്ഞെറിഞ്ഞ് നിവര്‍ന്നുനിന്ന് എന്റെ ദിവസങ്ങള്‍ക്ക് ഉന്മേഷം പകരുന്നു. കാച്ചുമോന് അഞ്ചുവയസ്സേ ഉള്ളു. പക്ഷേ, മുതിര്‍ന്നവരെ അനുകരിച്ച് കഥ പറയുമ്പോള്‍ അവന്‍ എപ്പോഴും തുടങ്ങുന്നത് ഇങ്ങനെയാണ്: 'എത്രനല്ല ദീസമാണു ഇന്ന്!' അങ്ങനൊരു ശുഭപ്രതീക്ഷയോടെ എന്തും തുടങ്ങാന്‍ കഴിയുന്നതെത്ര വലിയ കാര്യമാണ്?‌


പണ്ട്, ഒരു പതിറ്റാണ്ടിനും മുമ്പ്, പ്രണയം മൊട്ടിടുന്നതിനും മുമ്പ് ഒരു ദിവസം ഒരു പെണ്‍കുട്ടി എന്നോടു സ്നേഹമാണെന്നു പറഞ്ഞ ദിവസം ഓര്‍ക്കുന്നു. തലയില്‍ വെള്ളിടി വെട്ടിയ ഫിലിങ്ങ്. എന്റെ ജീവിതം വഴിമാറാന്‍ പോകുന്നു, സ്വപ്നം കണ്ടതെല്ലാം തകരാന്‍ പോകുന്നു എന്ന് കരുതി അന്ന്. മൂലയ്ക്കകപ്പെട്ട പൂച്ചയെപ്പോലെ ഞാനന്നു പേടിച്ച് മിണ്ടാതിരുന്നു. ഒളിച്ചിരുന്നു. പഠിക്കാതിരുന്നു. ഒരു പരീക്ഷയില്‍ തോറ്റു. അന്ന് കാച്ചുമോനെപ്പോലെ 'എത്രനല്ല ദീസമാണു ഇന്ന്!' എന്നു പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍! പരീക്ഷയിലെങ്കിലും തോല്‍ക്കാതിരിക്കാമായിരുന്നു. എതായാലും ഒന്നും സംഭവിച്ചില്ല. ആ സംഭവത്തില്‍പ്പിന്നെ അവളെ ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളു. 'ദീസ'ങ്ങള്‍ അത്രമോശം ആയില്ല, ഒരിക്കലും.

പിന്നെ പ്രണയം മൂത്തപ്പോള്‍, തലയ്ക്കു പിടിച്ചപ്പോള്‍, വീണ്ടും ഒരു ദിവസം  പ്രപഞ്ചം എന്റെ തലയില്‍ ഇടിഞ്ഞു വീഴും എന്നു ഭീഷണി മുഴക്കി. അന്ന് ഞാന്‍ കരുതി, എന്റെ ജീവിതം ഒരു വഴിക്കായി, എല്ലാം തീര്‍ന്നു എന്ന്. നിരാശ, പേടി, വിശപ്പില്ലായ്മ, പനി, വിറ... 'എത്രനല്ല ദീസമാണു ഇന്ന്!'എന്ന് അന്നും എനിക്ക് പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, എല്ലാം നന്നായി തീര്‍ന്നു. പ്രണയം പൂവിട്ടു. ആ സംഭവത്തില്‍പ്പിന്നെ എന്റെഅവളെ കാണാത്ത ഒരു 'ദീസം' പോലും എനിക്കു വേണ്ട എന്നായി!

ചുരുക്കത്തില്‍, നമ്മള്‍ പേടിക്കുന്ന പോലെ അത്ര ഭയാനകമല്ല ജീവിതം. പേടിച്ചാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും. എത്ര മോശം ദിവസത്തിലും ഒരല്പം പ്രകാശം ഇല്ലാതിരിക്കില്ല. നല്ലതേ നടക്കൂ എന്ന വിശ്വാസമാണ് നല്ലത് നടക്കാനുള്ള ആദ്യ പടി. അപ്പോ നല്ലത് കാച്ചുമോനെപ്പോലെ 'എത്രനല്ല ദീസമാണു ഇന്ന്!' എന്നു പറഞ്ഞുകൊണ്ട് എല്ലാ 'ദീസ'വും തുടങ്ങുന്നതല്ലേ?

അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു കാച്ചുമോനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നത് അത്ര വലിയ പാപമൊന്നുമല്ല. ഹല്ലപിന്നെ!

No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...