Saturday, February 07, 2015

രാമാ...

നീതിശാസ്ത്രം പിഴയ്ക്കുമിടങ്ങളില്‍,
അഗ്നിശുദ്ധിയുമുരച്ചുനോക്കുമിടങ്ങളില്‍,
ഇരുട്ടില്‍, നുളയ്ക്കും നീതിപ്പുഴുക്കള്‍ത-
ന്നെച്ചിലായ് രാമാ നീ കരയും,
ഭൂമിപുത്രിക്കേല്‍പ്പിച്ച ചാരിത്ര്യവ്രണങ്ങളോര്‍ത്ത്.

എഴുതപ്പെടാത്ത സീതായനങ്ങളില്‍
ദിനവും പുഷ്പകവ്യോമയാനങ്ങളും,
നീറുമശോകഛായയും വിരഹവും,
പത്തുതലയുള്ളോരാണത്തവും രാമാ,
നീറ്റിവിഴുങ്ങും നിന്നെയാവോളമെന്നും.

മണിത്താലിതോരണംകെട്ടും മണവറകളി-
ലിറ്റുവീഴുമോരോ കണ്ണുനീർത്തുള്ളിയു-
മാർക്കും നിന്‍റെ ചോരയിറ്റുംകബന്ധത്തിനായ്.
മുലയറ്റപെണ്ണും പൂജ്യദ്രാവിഡമണ്ണും വാളെടുക്കും
നീയിട്ടുപോയ പെണ്ണിനു മാനംകൊടുക്കാന്‍.

രാമാ, നീയറിയുന്നില്ലേ നിന്നിലെ ചുടലയില്‍,
ചീയാത്ത ചോരകുരുത്തു വില്ലാളിയായത്?
ചീഞ്ഞതു ചീഞ്ഞു നീയായി മാറിയത്?
രാമാ, നീയറിയണം. നന്മവിറ്റുനേടിയതെന്തെന്നും,
അതില്‍ ശാപം കുരുത്തു നീയെന്തായിയെന്നതും.


No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...