Friday, September 21, 2018

കുളിക്കാത്ത ഐഐറ്റിക്കാർ

ഒരു ഐഐറ്റി പരീക്ഷക്കാലം. ശാസ്ത്രവും സാങ്കേതികവിദ്യയും യുവതയുടെ തലച്ചോറിൽ മിന്നാരപ്പിനർ തീർത്ത് സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന കാലം. ആധുനികതയുടെ 'ബൈനറി' ഭാഷയിൽ ഉത്തരക്കടലാസുകൾ നിറയുന്ന കാലം. കൂർമ്മബുദ്ധി കണക്കു കൂട്ടലുകളായി കടലാസ്സിൽ എഴുതി തെളിയിച്ച് ഒന്നാമതെത്താൻ എല്ലാരും വെമ്പുന്ന കാലം. ഗവേഷണവിദ്യാർഥികൾക്ക് പരീക്ഷക്കാലത്ത് പരീക്ഷാ മേൽനോട്ട ദൗത്യം (invigilation duty) കിട്ടാറുണ്ട്. അങ്ങനെയാണ് ഏകദേശം 250 പേർക്കിരിക്കാവുന്ന റോമൻ ആംഫിതീയറ്റർ പോലുള്ള ശീതീകരിച്ച പരീക്ഷാമുറിയിൽ ഞാൻ എത്തിയത്.

പുതുമഴയത്ത് മണ്ണിൽനിന്നും പറന്നുയരുന്ന ഈയാംപാറ്റകളെപ്പോലെ ശീതീകരിച്ച പരീക്ഷാമുറിയുടെ പലകോണുകളിൽ നിന്നും എഴുതിനിറച്ച ഉത്തരക്കടലാസുകളും ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി വിദ്യാർഥികൾ ഒന്നൊന്നായി എഴുന്നേറ്റു പോകുന്നു. യാന്ത്രികതയാണ് മിക്കവരുടെയും മുഖമുദ്ര. ഇരിപ്പിലും നടപ്പിലും എഴുത്തിലുമെല്ലാം അവർ യന്ത്രങ്ങളെപ്പോലെ തോന്നിച്ചു. പ്രത്യേകിച്ച് വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത അവരുടെ കണ്ണുകളും മുഖവും ഇപ്പോഴും ഏതോ കണക്കുകൂട്ടലുകളിൽ മുഴുകിയതുപോലെ തോന്നും.

മിക്കവരും കുളിക്കാത്തവരും തുണിയലക്കാത്തവരുമാണ്. രൂക്ഷമായ വിയർപ്പുനാറ്റവും ചെളിയുടെ കുത്തുന്ന മണവും! പരീക്ഷാമുറി പോലുള്ള ഒരു സ്ഥലത്തേയ്ക്ക് വരുമ്പോൾ പോലും മാന്യമായ വസ്ത്രം (എന്നുവച്ചാൽ അലക്കിയതും വൃത്തിയുള്ളതുമായ വസ്ത്രം) ധരിക്കണമെന്നോ, പല്ലുതേക്കണമെന്നോ, കുളിക്കണമെന്നോ, മുടി ചീകണമെന്നോ ഈ അലസന്മാർക്കും അലസിമാർക്കും തോന്നാത്തതെന്തേ? നന്നായി വിയർത്ത്, ചെളിയിലൊക്കെ ഉരുണ്ട്, നല്ല രസമായി കളിക്കുന്നതിനിടയിൽ 'എന്നാൽ ഒരു പരീക്ഷ എഴുതിയേക്കാം' എന്ന് കരുതി വന്നതുപോലുണ്ട്. ഇത്ര ലാഘവം എങ്ങനെ നമ്മുടെ ബുദ്ധിയുള്ള പുതുതലമുറയ്ക്ക് കൈവന്നു? അക്കങ്ങൾക്കും കോഡുകൾക്കും ഇടയിൽ പ്രകൃത്യാ ഉള്ള നൈസർഗികത നഷ്ടമായതാണോ? അതോ ജന്മനാ അലസരായവരെ മാത്രമേ ഐഐറ്റികളിൽ ഇപ്പൊ എടുക്കുന്നുള്ളോ?

ഇവരൊക്കെയാണല്ലോ നമ്മുടെ നാടിൻ്റെ  നാളെയുടെ ശിൽപികൾ എന്നോർക്കുമ്പോഴാണ്! വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തവർ എങ്ങനെയാണ് നാട് നന്നാക്കുക!

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...