Wednesday, March 10, 2021

ഗാന്ധിജി: കുട്ടികൾക്കുള്ള പ്രസംഗം

എല്ലാവർക്കും എന്റെ നമസ്കാരം.

ഇന്നത്തെ എന്റെ പ്രസംഗം ഗാന്ധിജിയെപ്പറ്റിയാണ്. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണ്‌. കുഞ്ഞുന്നാൾ മുതൽ നമ്മൾ ഗാന്ധിജിയെപ്പറ്റി കേൾക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഗാന്ധിജിയെ നമ്മൾ ഇത്രയധികം ബഹുമാനിക്കുന്നത്?  അതിന് പല കാരണങ്ങളുണ്ട്.


ഒന്നാമതായി, ഗാന്ധിജി കുഞ്ഞുങ്ങളെ അധികമായി സ്നേഹിച്ചിരുന്നു. നിങ്ങൾക്കറിയാമോ കുഞ്ഞുങ്ങൾ അദ്ദേഹത്തെ ബാപ്പുജി എന്നാണ്  വിളിച്ചിരുന്നത്. കുഞ്ഞുങ്ങൾ ആണ്  ഇന്ത്യയുടെ ഭാവി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 


Mahatma Gandhi
Gandhiji

രണ്ടാമതായി, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ ഗാന്ധിജി  വലിയ ത്യാഗങ്ങൾ ചെയ്തു. കാൽനടയായി അദ്ദേഹം ഈ വലിയ രാജ്യത്തു മുഴുവൻ  നടന്നു. ജനങ്ങളോട് സംസാരിച്ചു. അവരുടെ പ്രശ്നങ്ങൾ മനസിലാക്കി. അദ്ദേഹം നമ്മുടെ കൊച്ചു കേരളത്തിലും  വന്നിട്ടുണ്ട്.


മൂന്നാമതായി, അദ്ദേഹത്തിന്റെ ജീവിതം വളരെ ലളിതമായിരുന്നു. അദ്ദേഹം ഒരു മുണ്ടും ഒരു മേല്മുണ്ടും മാത്രമായിരുന്നു ധരിച്ചിരുന്നത്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ജീവിച്ചത്. ഇന്ന് നാം അനുഭവിക്കുന്ന  സമാധാനവും അദ്ദേഹത്തിൻ്റെ കൂടെ പരിശ്രമം കൊണ്ടാണ്  നമ്മുക്ക് ലഭിച്ചത്. 


അതുകൊണ്ട്, ഗാന്ധിജിയെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമ മാത്രമല്ല, നമ്മുടെ ആവശ്യം കൂടിയാണ്. ഒരിക്കൽ ഗാന്ധിജി പറഞ്ഞു, "എൻ്റെ ജീവിതമാണ് എന്റെ സന്ദേശം". അതായത്, അദ്ദേഹം തന്റെ ജീവിതം നമുക്ക് മാതൃകയായി നൽകി. നമുക്ക് സാധിക്കുമോ? അത്ര സത്യസന്ധരാണോ നമ്മൾ? അത്ര നീതിബോധമുള്ളവരാണോ നമ്മൾ? ഈ ഗാന്ധിജയന്തി ദിനത്തിൽ അങ്ങനെയാവാൻ നമുക്ക് തീരുമാനിക്കാം.


രാജ്യം ഭരിക്കുന്നവർ സ്വാർത്ഥരാവുമ്പോൾ ഗാന്ധിജിയാണ് അവർക്ക് വഴികാട്ടി. പഠനത്തിൽ നമുക്ക് താല്പര്യം കുറയുമ്പോൾ ഗാന്ധിജിയാണ് നമുക്ക് പ്രചോദനം. തിന്മയെ തോൽപ്പിച്ച് നന്മ ജയിക്കുവാൻ  ഗാന്ധിജിയാണ് നമുക്ക് വഴികാട്ടി. നമ്മുടെ ചുറ്റും സ്വാര്ഥതയില്ലാത്ത, മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന, നല്ലവരായ മനുഷ്യർ ഉണ്ടാവാൻ നമുക്ക് ഗാന്ധിജിയെപ്പോലെ നന്മയിൽ ജീവിക്കാം. ഗാന്ധിജി നമ്മെ നേരായ വഴിക്ക് നയിക്കട്ടെ, നന്മയുള്ളവരാക്കട്ടെ. അതിന് ഗാന്ധിജി നമ്മെ അനുഗ്രഹിക്കട്ടെ. 


നന്ദി, നമസ്കാരം.


No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...