Showing posts with label malayalam poem. Show all posts
Showing posts with label malayalam poem. Show all posts

Wednesday, October 03, 2018

വാക്കുകൾ മാത്രമായിപ്പോകുന്നവർ

ആരും വിളിക്കാഞ്ഞും വല്ലപ്പോഴും
നാട്ടിലൊക്കെ ചെല്ലുമ്പോൾ, വീട്ടിലെ
പട്ടികകളിലൊന്നും പെടാത്തതിൻ്റെ വിഷമം
പട്ടിയെപ്പോലെ നിന്നെ കടിച്ചുകീറാറുണ്ടോ?

പട്ടിണികൊടുത്തു വാങ്ങിയതൊക്കെ
പണ്ട് വീട്ടുവിലാസത്തിലയച്ച കാര്യമൊക്കെ
ചിലരുടെയെങ്കിലും നിസ്സംഗത കാണുമ്പോ
തികട്ടി വരാറുണ്ടോ?

നിൻ്റെ വിയർപ്പുവീണ മണ്ണിൽ
നിനക്കുമാത്രമയിത്തമുള്ള മണിമാളികകൾ കാണുമ്പോൾ
പണ്ടേ ചങ്കിലടക്കിയ ചില കിനാക്കൾ
കുഴിമാടത്തിലനങ്ങുന്നതായി തോന്നാറുണ്ടോ?

എങ്കിൽ മനസിലാക്കുക, നീയൊറ്റയ്ക്കല്ല.
നീയും വെറും വാക്കുകൾ മാത്രമാണെന്നെപ്പോലെ!
'അമ്മ, അപ്പൻ, മകൾ, മകൻ, ചേട്ടൻ, ചേച്ചി...
പ്രത്യേകിച്ചർത്ഥമൊന്നുമില്ലാത്ത വാക്കുകൾ!

സോഴ്സ് 

Tuesday, June 02, 2015

കയ്യിലെ ചതുരങ്ങള്‍

ചതുരത്തിലെ പ്രകാശത്തിനടിമ നീ.
കയ്യിലൊതുങ്ങുന്നു നിന്റെ ജീവിതം.
പറയാത്ത വാക്കും അറിയാത്ത പ്രേമവുമല്ലേ
നിന്റെ കൃത്രിമജീവന്റെയളവുകള്‍!‌‍
ഒരു മുഖം കാണാനുമതിലെ ഭാവമളക്കാനു-
മതിലലിഞ്ഞുപോവാനും നിനക്കാവുമോ!
കയ്യിലെ ചതുരത്തിലും അതിലെ പ്രകാശത്തിലും
നീ മറന്നുവച്ച സമയത്തിനു പേര്‍ ജീവിതം.
ചതുരത്തില്‍ നീയകപ്പെട്ടു മറന്നുപോയ
ചലനങ്ങള്‍ക്കു പേര്‍ സ്വാതന്ത്ര്യം.
ഉണരുക. ചതുരത്തില്‍ നിന്നുമുയിര്‍ക്കുക.
ഇനിയും സമയമുണ്ട്. ജീവിക്കാനും ചിരിക്കാനും.


കാറ്റിനോട്

ചീറ്റിയടിച്ചു നീ തൂത്തുവാരിയതെന്റെ സ്വപ്നക്കൂടു-
മതില്‍ ‍ഞാനടച്ചുവെച്ച കുഞ്ഞുങ്ങളും.
മന്ദമായ് വന്നു നീ തകര്‍ത്തതോ, ജീവനെന്നുഞാന്‍
നെഞ്ചിലേറ്റിയ കുഞ്ഞുനൊമ്പരം.
നിശ്ചലം നിന്നു നീ കവര്‍ന്നതെന്‍ പ്രണയവു-
മവളുടെ ശ്വാസനിശ്വാസങ്ങളും.
കാറ്റേ, നീയിനിയുമെന്തിനു വീശണമെന്റെ നാസികയിലു-
മീക്കരിന്തിരിവിളക്കിലും?
പോവുക ബന്ധങ്ങളൊത്തുനില്‍ക്കാത്ത നാട്ടിലേയ്ക്കു പറന്നു നീ,
തിരികെ വരാതിരിക്കുകീ മണ്‍കുടില്‍വാതില്‍ക്കലിനിയും.

Saturday, February 07, 2015

രാമാ...

നീതിശാസ്ത്രം പിഴയ്ക്കുമിടങ്ങളില്‍,
അഗ്നിശുദ്ധിയുമുരച്ചുനോക്കുമിടങ്ങളില്‍,
ഇരുട്ടില്‍, നുളയ്ക്കും നീതിപ്പുഴുക്കള്‍ത-
ന്നെച്ചിലായ് രാമാ നീ കരയും,
ഭൂമിപുത്രിക്കേല്‍പ്പിച്ച ചാരിത്ര്യവ്രണങ്ങളോര്‍ത്ത്.

എഴുതപ്പെടാത്ത സീതായനങ്ങളില്‍
ദിനവും പുഷ്പകവ്യോമയാനങ്ങളും,
നീറുമശോകഛായയും വിരഹവും,
പത്തുതലയുള്ളോരാണത്തവും രാമാ,
നീറ്റിവിഴുങ്ങും നിന്നെയാവോളമെന്നും.

മണിത്താലിതോരണംകെട്ടും മണവറകളി-
ലിറ്റുവീഴുമോരോ കണ്ണുനീർത്തുള്ളിയു-
മാർക്കും നിന്‍റെ ചോരയിറ്റുംകബന്ധത്തിനായ്.
മുലയറ്റപെണ്ണും പൂജ്യദ്രാവിഡമണ്ണും വാളെടുക്കും
നീയിട്ടുപോയ പെണ്ണിനു മാനംകൊടുക്കാന്‍.

രാമാ, നീയറിയുന്നില്ലേ നിന്നിലെ ചുടലയില്‍,
ചീയാത്ത ചോരകുരുത്തു വില്ലാളിയായത്?
ചീഞ്ഞതു ചീഞ്ഞു നീയായി മാറിയത്?
രാമാ, നീയറിയണം. നന്മവിറ്റുനേടിയതെന്തെന്നും,
അതില്‍ ശാപം കുരുത്തു നീയെന്തായിയെന്നതും.


Tuesday, January 27, 2015

സൗഹൃദം

പിരിയാമിനിക്കാണും വരെ,
പ്പടുകുണ്ടിലാണ്ടുപോകും വരെ.
ഒത്തപരാധം നൂറുചെയ്-
തൊത്തുചേരാം പാതാളങ്ങളിൽ.
തുറുങ്കിലുമൊത്തു പോയീ നാ-
മൊരു വയറ്റിൽ പിറന്നില്ലെങ്കിലു-
മൊത്തു വാറ്റിയും കട്ടും കഴിഞ്ഞ
കൂടപ്പിറപ്പല്ലേ, നീയെനിക്കുറ്റവൻ.
ഒറ്റയായ് പോകുന്നു ഞാനിനി മണ്ണിൽ,
ചേരാമുടൽ കീഴെപ്പൊരിക്കും ചൂടതിൽ.
ഒത്തുവാങ്ങാം ദണ്ഡന പാരിതോഷികം
തീയും പുഴുക്കളും രണ്ടായ് പകുത്തിടാം.

Wednesday, January 21, 2015

നില്പുസമരം

ഇവിടെ നിങ്ങള്‍ക്കുമുമ്പീ
മണ്ണിനുടമയായ്
പ്പിറന്നതാണെന്റെ കുറ്റം.

ഇന്നിതാ മണ്ണുപോ,യെന്റെ
പെണ്ണിന്റെ മാനവും.
നില്‍ക്കാനിടമില്ലിവിടെനിക്ക്.


ഇനി സമരം- നില്‍ക്കാന്‍,
നില്‍പ്പുസമരം,
ഗതികേടിന്റെ കയ്പുസമരം!

Saturday, December 13, 2014

നീ

നിന്നിലൂടെനിക്കൊരു ശിഖരം
മുളപ്പിക്കണ,മെന്റെ ചോര നീട്ടണം
നിന്നിലൂടൊഴുക്കണം പരമ്പര,
നീയാകണമെന്‍ മരവും കാടും.
 

കള്ളന്‍

കുഞ്ഞുപൂമ്പാറ്റച്ചിറകിലെ
വര്‍ണ്ണപ്പൊട്ടുചെത്തിയെന്‍
പുസ്തതകത്തിലൊളിപ്പിച്ചു.

നിറംചോര്‍ന്നോരുടലും
ചോരപൊടിയും കിനാക്കളു-
മെങ്ങൊളിപ്പിക്കും ഞാന്‍?

കട്ടതൊന്നുമൊളിപ്പിക്കാ-
നറിയാതെ മണ്ണിലിന്നും..

യാത്ര

കാഴ്ച മങ്ങി, നീയൊറ്റയ്ക്കു 
യാത്രയാവുമ്പോള്‍.
ചുണ്ടിലുപ്പുുതീണ്ടുന്നു,
നീയകലെ മാഞ്ഞുപോകുമ്പോള്‍..

ബാലരക്തം

നെഞ്ചോടടുപ്പിച്ച കളിപ്പാവയും പേറി
വിരലും കടിച്ചുപോണൂ, 
അരുമയാം പൈതല്‍വിദ്യ നേടാന്‍.
കാഴ്ചയൊളിപ്പിച്ചു കാത്തിരുന്നൊരാള്‍,
അവിടെ..
ബാലരക്തം

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...