മഴ കഴിഞ്ഞതും എനിക്ക് എന്തെന്നില്ലാത്ത വീര്‍പ്പുമുട്ടല്‍ തോന്നി. എന്റെ ഉള്ളിലെ എല്ലാ വിഷമങ്ങളും എല്ലാ സ്നേഹവും എല്ലാ ചിരികളും ഒരുമിച്ച് പുറത്തുവരുന്നതുപോലെ... മഴത്തണുപ്പില്‍ ഞാന്‍ അമർന്നിരുന്നില്ല. എനിക്കതിനു കഴിഞ്ഞില്ല. മഴയുടെ അവസാന തുള്ളികള്‍ ഇലത്തലപ്പുകളില്‍ വീണുതീരുമ്പോഴേയ്ക്കും ഞാന്‍ കുളിക്കാന്‍ ഇറങ്ങി. കിണറ്റില്‍നിന്നും അലുമിനിയം തൊട്ടിയില്‍ കോരിയ തണുത്ത വെള്ളം തുടരെ തുരടെ ഞാന്‍ എന്റെ തലയില്‍ ഒഴിച്ചു. ഓറഞ്ച് നിറമുള്ള സോപ്പിന്റെ കഷണം കൊണ്ട് ശരീരം പതപ്പിച്ച് വീണ്ടും വെള്ളംകോരി ഒഴിച്ചു. നല്ല തണുപ്പ്.
ഇരുണ്ട ആകാശത്തിന്റെ കീഴില്‍ നാലുചുറ്റും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെ ഇടയില്‍ നഗ്നനായി നിന്ന് വെളുത്ത ഇഴകളുള്ള തോര്‍ത്തുകൊണ്ട് ശരീരം തോര്‍ത്തി ഉണക്കി, അത് ഉച്ചത്തില്‍ കുടഞ്ഞുടുത്ത് ഞാന്‍ വീട്ടിലേയ്ക്ക് നടന്നു. തുറന്നു കിടന്ന വാതിലിലൂടെ അല്പം വെളിച്ചം പുറത്തേയ്ക്ക് വരുന്നുണ്ട്. ഒരീയാംപാറ്റയെപ്പോലെ ഞാനാ വെളിച്ചം നോക്കി നടന്നു.
വീടിനുള്ളില്‍ കടന്നതും എന്റെ വികാരങ്ങള്‍ എന്നെയും കടന്ന് വീടിന്റെ മച്ചും കടന്ന് ആകാശത്തേയ്ക്ക് ഉയരത്തിലേയ്ക്ക് പറന്നകന്നു. എന്‍റെ ഉയിരും ഊരും അക്കൂടെ പറന്നു പോയി. എന്റെ ഉയിരിന് ഉയരത്തില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമായി തോന്നി. മരങ്ങളുടെ തലപ്പുകള്‍ക്കിടയില്‍ എന്റെ ഓടിട്ട വീട് ഒരു ചതുരപ്പൊട്ടുപോലെ...
മരണമൊക്കെ ഇത്ര മനോഹരമായിരുന്നോ എന്ന് മരിച്ചവര്‍ക്ക് മാത്രമേ സംശയിക്കാന്‍ പറ്റൂ. ജീവനുള്ളപ്പോള്‍ മനുഷ്യര്‍ മരണത്തെ ഭയപ്പെടുന്നു. എന്നാല്‍ മരണപ്പെട്ടുകഴിയുമ്പോള്‍ മനുഷ്യന്‍ അതിന്റെ ഭംഗിയില്‍ ലയിക്കുന്നു. കാരണം മരണത്തിന് ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഭംഗി ഉണ്ട്. സ്വാതന്ത്ര്യത്തിന്‍റെ, കെട്ടുപൊട്ടിയതിന്റെ, ബാധ്യതകള്‍ ഇല്ലാത്തതിന്റെ ഒരു ഭംഗി. ഈ ഭംഗിയെ വര്‍ണിക്കാന്‍ നമുക്ക് മലയാള ഭാഷയില്‍ വാക്കുകള്‍ ഇല്ല. അത് അനുഭവിച്ചവര്‍ക്കെ അത് മനസ്സിലാവൂ. നിങ്ങള്‍ ഇത് വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നു എന്നര്‍ഥം. നിങ്ങള്‍ക്കത് മനസ്സിലാവില്ല.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? കുളിക്കണം, കഴിക്കണം, ജോലിക്ക് പോകണം, അങ്ങനെയല്ലേ? മരിച്ചവര്‍ക്ക് അങ്ങനെയല്ല. അവർക്ക് രാത്രിയില്ല, പുലരിയില്ല. അവർക്ക് സമയം ഒരു പ്രതലം പോലെയാണ്. ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ കാണുന്നത് സമയത്തിന്റെ ഒരു മാത്ര മാത്രമാണ്. ഭൂതമോ ഭാവിയോ നമുക്ക് കാണാനാവില്ല. പക്ഷെ, മരണശേഷം സമയത്തിന്റെ മാനം മാറുന്നു. നിങ്ങള്‍ ഒരു മരത്തെ നോക്കുമ്പോള്‍ അതിന്റെ ഇലകളും ചില്ലകളും തടിയും അതിലെ കിളികളെയും പിന്നിലുള്ള മറ്റ് മരങ്ങളെയും മലകലെയുമെല്ലാം കാണുന്നപോലെ മരിച്ചവര്‍ സമയത്തെ മുഴുവന്‍ ഒറ്റ നോട്ടത്തില്‍ കാണുന്നു. ഇന്നലെയും ഇന്നും നാളെയും ഒറ്റ നോട്ടത്തില്‍ കാണുന്നു. എത്ര മനോഹരം അല്ലെ?
ഒരു മഞ്ഞുപാളി പോലെ ഉയരങ്ങളിലേയ്ക്ക് പോകുമ്പോള്‍ എന്റെ വീട് ചെറുതായിക്കൊണ്ടിരുന്നു. പക്ഷേ, എന്റെ ലോകം വലുതായിക്കൊണ്ടിരുന്നു. അല്പം നിമിഷങ്ങൾക്ക് മുന്നേ എനിക്കുചുറ്റും കുറച്ചുമരങ്ങളേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ഒരു കാടുതന്നെ ഉണ്ട് എന്റെ ലോകത്ത്. മേഘങ്ങൾ എന്റെ ഉള്ളിലൂടെ കടന്നു പോകുന്നു; ഞാൻ അവരുടെ ഉള്ളിലൂടെയും. കാറ്റും ഞാനും ഒന്നായതുപോലെ. ഉയർന്നുയർന്ന് എനിക്കിപ്പോ ഭൂമി കാണാം. ഒരു നീല മുത്തുപോലെ. ചുറ്റും മനുഷ്യൻ തൊടുത്തു വിട്ട ഉപഗ്രഹങ്ങളും ചന്ദ്രനും. പക്ഷെ, എനിക്ക് എന്റെ വീടും ഈ ശൂന്യാകാശവുംവും ഒരുപോലെ അടുത്തുണ്ട്. മാറ്റുവാക്കുകളിൽ പറഞ്ഞാൽ, സമയത്തെപ്പോലെ വസ്തുക്കളും അവയ്ക്കിടയിൽ അകലവും ഒരു മേശപോലെ എനിക്ക് മുന്നിൽ കാണാം. അകലം എന്നൊന്ന് ഇപ്പൊ ഇല്ല. ദൂരങ്ങൾ മാനുഷികമാണ്, അവ ജീവനുമായി ബന്ധിപ്പിച്ചിരിക്കുന്നു. എനിക്ക് ഒരേ സമയം ഇവിടെ ശൂന്യാകാശത്തും എന്റെ കിണറിനടുത്തും ആയിരിക്കാം. ഇവിടെയും അവിടെയും ഒരേ സമയം: എത്ര മനോഹരം, അല്ലേ?
അകലങ്ങളിൽ, അങ്ങുദൂരെ എത്തിയപ്പോൾ ഭൂമി എന്ന നനഞ്ഞ കുഞ്ഞൻ പാറക്കല്ല് എത്ര നിസ്സാരമായിരുന്നു എന്ന് മനസ്സിലായി. എന്റെ അഹങ്കാരവും, വിഷമങ്ങളും, വഴക്കുകളും, കടങ്ങളും, സമ്പത്തും, രാഷ്ട്രീയവും, കച്ചവടവും, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും ചങ്ങാത്തവും, ചന്ദ്രന്റെ നിലാവും, സൂര്യന്റെ നിറവും ചൂടും നിഷ്പ്രഭമായി എനിക്ക് തോന്നി. ഭൂമിയിലായിരുന്നപ്പോ, വെയിലുകൊണ്ട് പൊള്ളിയതൊക്കെ ഓർത്ത് ചിരി വന്നു. സൂര്യന്റെ ഉള്ളിലൂടെ കടന്ന് മറുപുറം കടന്നപ്പോഴേയ്ക്കും ജീവൻ ഒരു മഴത്തുള്ളിപോലെ മനോഹരവും എന്നാൽ അർഥശൂന്യവും, തണുപ്പിക്കുന്നതും എന്നാൽ മനസ്സിലാക്കാനാവാത്തതും ആണെന്ന് ആരോ പറയുംപോലെ തോന്നി. ചുറ്റും മണലുവാരിയിട്ടതുപോലെ ചിതറിക്കിടക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും തമോഗർത്തങ്ങളും പേരറിയാത്ത നൂറായിരം അത്ഭുതങ്ങളും. അതിനെയൊക്കെ പൊതിയുന്ന നിർവികാരമായ ശൂന്യതയും. അതിൽ കുടികൊള്ളുന്ന പരകോടി സാധ്യതകൾ. മരണത്തിനു മുൻപേ തോന്നിയ വികാരങ്ങൾ ഇപ്പൊ ഇരുട്ടുപോലെ അല്ലെങ്കിൽ പ്രകാശം പോലെ എങ്ങും പരന്നുകിടന്നു. എനിക്ക് എല്ലാം അനുഭവിക്കാൻ പറ്റുന്നുണ്ട്. ഒരേ സമയം. എല്ലാ സമയവും. ഒരേ ഇടത്ത്. എല്ലായിടത്തും. ഈ അനുഭവത്തെ തേടി എത്രയോ മനുഷ്യർ ജീവിതം മുഴുവൻ ചിലവിട്ടു? ജീവിതത്തിന്റെ മരീചികയ്ക്കപ്പുറത്തു മാത്രമേ ഇത് കിട്ടൂ എന്നറിയാതെ!
ചില്ലറത്തുട്ടുകൾക്കു വേണ്ടി ജീവിതം മുഴുവൻ നിമിഷങ്ങളെ ഉഴുതു മറിച്ചതൊക്കെ ഇപ്പൊ വെറുതെയായി. അതിനൊന്നും ഒരർത്ഥവും ഇല്ല. കഷ്ടപ്പെട്ട് വാങ്ങിയ വീട്? ഉണ്ണാതെ ഉടുക്കാതെ ഉണ്ടാക്കിയ പണം? സമരസപ്പെട്ട് ഉണ്ടാക്കിയ ബന്ധങ്ങൾ? രക്തബന്ധങ്ങൾ? ഒന്നും ഇപ്പൊ ഇല്ല. എല്ലാം ജീവൻ എന്ന മരീചികയുടെ അപ്പുറമുള്ള തമാശകൾ മാത്രം. സമയം ഇല്ലാതായി. അകലം ഇല്ലാതായി. വികാരവും വിചാരവും ഇല്ലാതായി. ഉള്ളത് അനന്തമായ സാന്നിധ്യം മാത്രം. അനന്തമായ ശൂന്യത മാത്രം.
അനന്തതയും ശൂന്യതയും ഒന്നുതന്നെയാണെന്ന് ഇപ്പൊ ബോധ്യമാവുന്നു. ചിത്രത്തിൽ വിചിത്രവും കൗതുകകരവുമായ ഒരുപാട് കാഴ്ചകൾ ഒരുമിച്ച് നിറയുന്നു. അതേസമയം ശൂന്യതയാണ് ഇതിനെയൊക്കെ ഉൾക്കൊള്ളുന്നത് എന്നത് ഒരു സത്യം! അതെങ്ങനെ? ശൂന്യതയിൽ വസ്തുക്കൾ ഇരിക്കുന്നതെങ്ങനെ? ഒന്നുമില്ലാത്തതല്ലേ ശൂന്യത? അതായത്, മനുഷ്യന്റെ കാഴ്ചപ്പാട് ജീവൻ ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്നു. മനുഷ്യന്റെ അതിരുകൾ ജീവൻ ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്നു. മറ്റു വാക്കുകളിൽ, ജീവൻ അതിർ വരമ്പുകൾക്കുള്ളിൽ മാത്രം നില നിൽക്കുന്ന ഒരു പ്രതിഭാസമാണ്. സമയത്തിനും ദൂരത്തിനും അനുഭൂതികൾക്കും വിധേയമായ അനുഭവങ്ങളാൽ പരിമിതപ്പെട്ട പ്രതിഭാസം. അതിന്റെ അതിർവരമ്പുകൾ പൊട്ടിച്ചെറിയുന്നത് മരണമാണ്.
അതുകൊണ്ട് മരണമാണോ അഭികാമ്യം? ഈ ശൂന്യതയിൽ എല്ലാം കാണുകയും എല്ലാം അനുഭവിക്കുകയും ചെയ്യുമ്പോ എനിക്കത് പറയാൻ സാധിക്കുന്നില്ല. കാരണം, രണ്ട് അനുഭവങ്ങൾക്കും അവയുടെ മേന്മയുണ്ട്. ജീവിതത്തിന് ശേഷം മരണമാണ്, പക്ഷേ, ജീവിതത്തിന് മുമ്പ് എന്തായിരുന്നു? അറയില്ല. പക്ഷേ, രണ്ടും ജീവനുള്ള എല്ലാത്തിനും ഉണ്ട്. പുഴുവിനും മനുഷ്യനും പുല്ലിനും അവ രണ്ടും ഉണ്ട്. ജീവന് അപ്പുറവും ഇപ്പുറവും ഈ ശൂന്യതയാണ് ഉള്ളത്. ഇടയിലുള്ളത് ജീവന്റെ വരയിൽ കുടുങ്ങിയ ഏതാനും ദിവസങ്ങളും മണിക്കൂറുകളും മാത്രം. അത് കഴിഞ്ഞാൽ വീണ്ടും ശൂന്യമായ അനന്തതയിൽ എല്ലായിടത്തും ഇപ്പോഴും എല്ലാമായി എല്ലാവരുമായി വിരാജിക്കാം.
കൊള്ളാം അല്ലേ?











